പുതുവര്‍ഷം തുടങ്ങാന്‍ ഇനി രണ്ട് ദിനം മാത്രം പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ നല്ല സമയം. മുന്‍കാലങ്ങളിലെന്ന പോലെ ഇത്തവണയും സിനിമക്കാര്‍ തങ്ങളുടെ പുതിയ പ്രൊജക്ടുകള്‍ പുതുവര്‍ഷദിനത്തില്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. മലയാളത്തിലും ഒട്ടേറെ പുതിയ പ്രൊജക്ടുകള്‍ വരാനിരിക്കുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് പ്രേമം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ മോഹന്‍ലാലിനൊപ്പം തന്റെ അടുത്ത പ്രൊജക്ട് തുടങ്ങാനിരിക്കുകയാണ്. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം പുതുവര്‍ഷപുലരിയില്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്.

അല്‍ഫോണ്‍സിന്റെ പ്രേമം എന്ന സിനിമയ്ക്ക് ശേഷം ദക്ഷിണേന്ത്യയിലെ സിനിമാപ്രേമികളെല്ലാം അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകകയാണ്. നാല് വര്‍ഷമായി അദ്ദേഹത്തിന്റെ സിനിമ റിലീസ് ചെയ്തിട്ട്. ഈ വര്‍ഷം തുടക്കത്തില്‍ അല്‍ഫോണ്‍സ് തന്റെ അടുത്ത ചിത്രം തമിഴില്‍ കാളിദാസ് ജയറാമിനൊപ്പമായിരിക്കുമെന്ന് അറിയിച്ചിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം അതിനുശേഷമായിരിക്കും.

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഇപ്പോള്‍ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിന്റെ തിരക്കിലാണ്. പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ ഷൂട്ടിംഗ് താരത്തിന്റെ ഭാഗം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രിയദര്‍ശന്‍ ചിത്രത്തിലേക്ക് കടന്നത്. മാര്‍ച്ചില്‍ ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തും. കെവി ആനന്ദിനൊപ്പം സൂര്യ ചിത്രത്തില്‍, സിദ്ദീഖിനൊപ്പം ബിഗ് ബ്രദര്‍, ജിബി-ജോജു ടീമിനൊപ്പം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്നിവയും അരുണ്‍ ഗോപിക്കൊപ്പം ഒരു സിനിമയുമാണ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളവ.

Published by eparu

Prajitha, freelance writer