Categories
Film News

പൃഥ്വിരാജ് മോഹന്‍ലാല്‍ സിനിമ ലൂസിഫര്‍ തമിഴിലേക്ക്

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് തമിഴ്‌നാട്ടിലും ആരാധകരേറെയാണ്. ഒട്ടേറെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ലൂസിഫര്‍ ടീം സിനിമയുടെ ഡബ്ഡ് വേര്‍ഷന്‍ മെയ്3ന് തമിഴില്‍ റിലീസ് ചെയ്യുകയാണ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താണുവാണ് സിനിമ കോളിവുഡില്‍ റിലീസ് ചെയ്യുന്നത്.

മാര്‍ച്ച് മാസം അവസാനം റിലീസ് ചെയ്ത സിനിമ വന്‍ വിജയമായിരുന്നു. നടന്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭമായിരുന്നു ലൂസിഫര്‍. നടനും എഴുത്തുകാരനുമായ മുരളിഗോപിയുടെ തിരക്കഥയിലൊരുങ്ങിയ സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരുന്നു. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.

ലൂസിഫറില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്, എന്നിവരും ബോളിവുഡ് താരം വിവേക് ഒബ്‌റോയും പ്രധാനവേഷങ്ങളിലെത്തി. സഹതാരങ്ങളായി കലാഭവന്‍ ഷാജോണ്‍, സായ് കുമാര്‍, സാനിയ അയ്യപ്പന്‍, സംവിധായകന്‍ ഫാസില്‍, സുനില്‍ സുഗത, നൈല ഉഷ, ജിജോ ജോണ്‍, ബൈജു സന്തോഷ് എന്നിവരുമുണ്ടായിരുന്നു.


സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയനേതാവായാണ് മോഹന്‍ലാല്‍ സിനിമയിലെത്തിയത്.

തമിഴില്‍ മോഹന്‍ലാലിന്റെ അടുത്ത സിനിമ സൂര്യയ്‌ക്കൊപ്പമുള്ള കാപ്പാന്‍ ആണ്. കെവി ആനന്ദ് ഒരുക്കുന്ന സിനിമയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായാണ് മോഹന്‍ലാല്‍ എത്തുന്നത്. സൂര്യ പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള ഓഫീസറാണ്.

മണിരത്‌നം ചിത്രം ഇരുവര്‍, 1997ല്‍ പുറത്തിറങ്ങിയ സിനിമയില്‍ മോഹന്‍ലാല്‍ എംജിആര്‍ ആയാണെത്തിയത്. ഐശ്വര്യ റായ്, ഗൗതമി, പ്രകാശ് രാജ് എന്നിവരും സിനിമയിലുണ്ടായിരുന്നു. 2014ല്‍ വിജയ് ചിത്രം ജില്ലയിലും മോഹന്‍ലാല്‍ തമിഴിലേക്ക് എത്തി.