Categories
Film News

മോഹന്‍ലാലിന്റെ ആറാട്ട്‌ തുടക്കമായി

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമ ആറാട്ട്‌, സംവിധായകന്‍ ബി ഉണ്ണിക്കൃഷ്‌ണന്‍ ചിത്രീകരണം തുടങ്ങി. ഉദയകൃഷ്‌ണ തിരക്കഥ ഒരുക്കുന്ന ഒരു മാസ്‌ മസാല എന്റര്‍ടെയ്‌നര്‍ ആണ്‌ സിനിമ. ഗ്രാമീണ പശ്ചാത്തലത്തിലാണ്‌ സിനിമ ഒരുക്കുന്നത്‌. ആക്ഷന്‍, കോമഡി, തുടങ്ങി കൊമേഴ്‌സ്യല്‍ ഘടകങ്ങളെല്ലാം സിനിമയിലുണ്ടാകും

ആറാട്ട്‌, മോഹന്‍ലാല്‍- ബി ഉണ്ണിക്കൃഷ്‌ണന്‍ ടീമിന്റെ അഞ്ചാമത്തെ സിനിമയാണ്‌. മാടമ്പി, ഗ്രാന്റ്‌ മാസ്‌റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്‌, വില്ലന്‍ തുടങ്ങിയവയാണ്‌ മുന്‍ സിനിമകള്‍. ഉദയ്‌കൃഷ്‌ണയ്‌ക്കൊപ്പം പുലിമുരുകന്‌ ശേഷം മോഹന്‍ലാല്‍ എത്തുന്ന സിനിമ കൂടിയാണിത്‌. ആരാധകര്‍ വളരെ പ്രതീക്ഷകളോടെയാണ്‌ ചിത്രം കാത്തിരിക്കുന്നത്‌.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ്‌ ആറാട്ടില്‍ മോഹന്‍ലാല്‍ എത്തുന്നത്‌. വിക്രം വേദ ഫെയിം ശ്രദ്ധ ശ്രീനാഥ്‌ നായികയാകുന്നു. ഐഎഎസ്‌ ഓഫീസറായാണ്‌ താരം ചിത്രത്തിലെത്തുന്നത്‌. സായ്‌ കുമാര്‍, സിദ്ദീഖ്‌, നെടുമുടി വേണു, ഇന്ദ്രന്‍സ്‌ വിജയരാഘവന്‍, സ്വാസിക, നേഹ സക്‌സേന, രചന നാരായണന്‍കുട്ടി, ഷീല എന്നിവരും ചിത്രത്തിലെത്തുന്നു. വിജയ്‌ ഉലകനാഥ്‌ സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്‌ ഷമീര്‍ മുഹമ്മദ്‌ , സംഗീതം രാഹുല്‍ രാജ്‌ എന്നിവരാണ്‌ അണിയറയില്‍.