മോഹന്‍ലാലിന്റെ പുതിയ സിനിമ ബിഗ് ബ്രദര്‍, പ്രശസ്ത സംവിധായകന് സിദ്ദീഖ് ഒരുക്കുന്ന സിനിമ അടുത്ത മാസം ചിത്രീകരണം തുടങ്ങുകയാണ്. അണിയറക്കാര്‍ അഭിനേതാക്കളെ പൂര്‍ത്തിയാക്കുന്ന തിരക്കുകളിലാണിപ്പോള്‍. മുമ്പ് അറിയിച്ചിരുന്നതുപോലെ സൗത്ത് ഇന്ത്യന്‍ നടി റെജീന കസാന്‍ഡ്ര ചിത്രത്തില്‍ നായികയായെത്തും. അനൂപ് മേനോന്, അര്‍ബാസ് ഖാന്, വിഷ്ണു ഉണ്ണിക്കൃഷ്ണന്, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ്, ടിനി ടോം എന്നിവരും സിനിമയുടെ ഭാഗമാകുന്നു.
ആക്ഷനും ഹ്യൂമറും നിറഞ്ഞ ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ബിഗ് ബ്രദര്‍. മോഹന്‍ലാലും അനൂപ് മേനോനും സഹോദരങ്ങളായി ചിത്രത്തിലെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് സച്ചിദാനന്ദന് എന്നാണ്. മറ്റ് കഥാപാത്രങ്ങള്‍ക്കെല്ലാം സഹോദരതുല്യനായാണ് താരം സിനിമയിലെത്തുന്നത്. ആക്ഷനും കോമഡിയും സെന്റിമെന്റ്സും എല്ലാമുള്ള കുടുംബചിത്രമായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിഗ് ബ്രദര്‍ മോഹന്‍ലാലിന്റേയും സിദ്ദീഖിന്റേയും ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒന്നിക്കലാണ്. സംവിധായകന്റെ സ്വന്തം ബാനറായി എസ് ടാക്കീസും വൈശാഖ ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ജൂണ്‍ 25ന് സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. എറണാകുളം, ബാംഗളൂര്‍ എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍.