Categories
Film News

മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള ഒരു സോഷ്യല്‍ സറ്റയര്‍

ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന സിനിമയിലൂടെ നടന്‍ ഇന്ദ്രന്‍സ് ഒരിക്കല്‍ കൂടി നായകവേഷത്തിലെത്തുന്നു. ബാലു വര്‍ഗ്ഗീസ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു സാമൂഹിക സറ്റയര്‍ തമാശരൂപേണ അവതരിപ്പിക്കുകയാണ് സിനിമയിലൂടെ എന്നാണ് സംവിധായകന്‍ പറയുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയാക്കി.

കുഞ്ഞബ്ദുള്ള എന്ന് പേരുള്ള ഒരു 65വയസ്സുകാരനെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. കുട്ടിക്കാലത്തെ പ്രണയിനിയെ കാണാനായി യാത്ര പുറപ്പെടുന്ന ആളാണ് കുഞ്ഞബ്ദുള്ള. പതിനഞ്ചാമത്തെ വയസ്സില്‍ തിരുവനന്തപുരത്തെ ചാലയില്‍ നിന്നും പണിക്കായി മുംബൈയിലെ ബിവാണ്ടിയെന്ന സ്ഥലത്തേക്ക് കുടിയേറിയ ആളാണ് നായകന്‍. തിരുവനന്തപുരം വിട്ടുപോകാന്‍ ഒരു കാരണമുണ്ടെന്നും അത് സസ്‌പെന്‍സ് ആണെന്നുമാണ് സംവിധായകന്‍ അറിയിച്ചത്.
തൃശ്ശൂരില്‍ എത്തുമ്പോള്‍ ബാലു വര്‍ഗ്ഗീസിന്റെ കഥാപാത്രത്തെ പരിചയപ്പെടുകയാണ്. അദ്ദേഹത്തിന്റെ യാത്രയില്‍ അയാള്‍ കൂടി ചേരുകയാണ്.

മുമ്പ് കെടിസി അബ്ദുള്ളയെയായിരുന്നു സംവിധായകന്‍ കുഞ്ഞബ്ദുള്ളയായി മനസ്സില്‍ കണ്ടത്, എന്നാല്‍ അദ്ദേഹത്തിന്റെ അസുഖവും പെട്ടെന്നുണ്ടായ മരണവും കാരണം ഇന്ദ്രന്‍സ് എത്തുകയായിരുന്നു. സംവിധായകന്‍ ലാല്‍ജോസ്, നടനും എഴുത്തുകാരനുമായ രഞ്ജി പണിക്കര്‍ എന്നിവരും സിനിമയിലുണ്ട്. ലാല്‍ജോസ് കാസര്‍ഗോഡുകാരനായും രഞ്ജി പണിക്കര്‍ അച്ഛനും മകനുമായി ഇരട്ടവേഷത്തിലും സിനിമയിലെത്തുന്നു.
അംബിക,രചന നാരായണന്‍ കുട്ടി, അഞ്ജലി നായര്‍, മാല പാര്‍വ്വതി എന്നിവരാണ് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തിലെ വിവിധ ലൊക്കേഷനുകളില്‍,കാസര്‍ഗോഡ്, എറണാകുളം , കൂടാതെ മുംബൈയിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചത്. സിനിമയുടെ വിഷയവുമായി ബന്ധപ്പെട്ട് ഒട്ടുമിക്ക ജില്ലകളിലും പല തരത്തിലും ട്രാന്‍സ്‌പോര്‍ട്ടേഷനും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞബ്ദുള്ള പല ആളുകളുമായും പരിചയപ്പെടുന്നതിനാല്‍ അവരുടെ ജീവിതവും സിനിമയില്‍ വരുന്നു.

പ്രണയത്തെ പറ്റിയോ അല്ലെങ്കില്‍ പ്രണയവുമായി ബന്ധമുള്ളതോ ആണ് സിനിമ. കുഞ്ഞബ്ദുള്ള റൊമാന്‍സിന്റെ സുല്‍ത്താനാണ്. അതാണ് സിനിമയ്ക്ക് ഇത്തരമൊരു പേര്.

അക്ബര്‍ ട്രാവല്‍സിന്റെ അബ്ദൂള്‍ നാസര്‍ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുമാണ് വിവരങ്ങള്‍ എടുത്തിരിക്കുന്നത്.