Categories
Film News

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബറിലോ 2021 തുടക്കത്തിലോ എത്തുകയുള്ളൂ

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയെല്ലാം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ലോകത്തൊട്ടാകെ തന്നെ വലിയ പ്രൊഡക്ഷന്‍ ഹൗസുകളെല്ലാം തങ്ങളുടെ സമ്മര്‍ ചിത്രങ്ങളെല്ലാം റിലീസ് നീട്ടിവച്ചിരിക്കുകയാണ്. മലയാളത്തില്‍ ഏറ്റവും ബാധിക്കുന്ന സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. 100കോടിയിലേറെ ബജറ്റിലൊരുക്കിയ സിനിമ മാര്‍ച്ച് 28ന് തിയേറ്ററുകളിലെത്താനിരുന്നതാണ്. ലോകത്തൊട്ടാകെ 5000തിയേറ്ററുകളിലായി സിനിമ റിലീസ് ചെയ്യാനിരുന്നതാണ്.

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ എല്ലാപ്രതീക്ഷകളും തകര്‍ക്കുന്നതായിരുന്നു. ലോക്ഡൗണ്‍ ആരംഭിച്ച് ഒരു മാസം പിന്നിട്ടതിനുശേഷവും സാഹചര്യങ്ങള്‍ അനിശ്ചിതത്വത്തിലാണ്. ഇന്‍ഡസ്ട്രിക്കകത്തുള്ളവരുടെ അഭിപ്രായത്തില്‍ ആഗസ്റ്റ്- സെപ്തംബര്‍ മാസമാവേണ്ടിവരും തിയേറ്ററുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാവാന്‍. ഈ സാഹചര്യത്തിലാണ് മരക്കാര്‍ അണിയറക്കാര്‍ ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ അല്ലെങ്കില്‍ അടുത്ത വര്‍ഷമാദ്യം നടത്താന്‍ പ്ലാന്‍ ചെയ്യുന്നത്.
അടുത്തിടെ ഒരു മാധ്യമത്തിന് സിനിമയുടെ സംവിധായകന്‍ പ്രിയദര്‍ശന്‍ നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെ സംബന്ധിച്ച് ആകുലതകളുണ്ടെങ്കിലും റിലീസിന് തിടുക്കം കൂട്ടില്ല എന്നാണറിയിച്ചത്.

ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.