മഞ്ജു വാര്യരുടെ റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന സിനിമ പ്രതി പൂവന്‍കോഴി, ക്രിസ്തുമസ് ചിത്രങ്ങളുടെ കൂട്ടത്തിലേക്ക്. മഞ്ജു തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചു. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. നവംബര്‍ 20ന് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങും.
പ്രതി പൂവന്‍കോഴി, തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആര് ആണ്. അദ്ദേഹത്തിന്റെ തന്നെ ഇതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥ കഥ ഒരു സറ്റയര്‍ ആണ്. നിലവിലെ സാമൂഹിക രാഷ്ട്രീയസംഭവങ്ങളെ വ്യത്യസ്തമായ ഒരു വീക്ഷണകോണിലൂടെ കാണുകയാണ് കഥ ചെയ്യുന്നത്. സിനിമയിലേക്കെത്തുമ്പോള്‍ മഞ്ജു വാര്യര്‍, അനു ശ്രീ എന്നിവര്‍ സെയില്‍സ് ഗേളുകളായെത്തുന്നു.
സംവിധായകന് റോഷന് ആന്‍ഡ്രൂസ് പ്രതി പൂവന്‍കോഴിയിലൂടെ അഭിനയരംഗത്തേക്കും എത്തുകയാണ്. അണിയറക്കാര്‍ ഈ വേഷത്തിലേക്ക് മറ്റു പലതാരങ്ങളേയും സമീപിച്ചിരുന്നുവെങ്കിലും കാര്യങ്ങള്‍ വിചാരിച്ച പോലെ ആവാത്തതിനാല്‍ സംവിധായകന് തന്നെ ആറോള്‍ ഏറ്റെടുക്കുകയായിരുന്നു. നെഗറ്റീവ് റോളിലാണ് സംവിധായകനെത്തുന്നത്.
കുമ്പളങ്ങി നൈറ്റ്സ് ഫെയിം ഗ്രേസ് ആന്റണി, സൈജു കുറുപ്പ്, അലന്‍സിയര്‍ ലെ ലോപസ്, മറിമായം ശ്രീകുമാര്‍ എന്നിവരും ചിത്രത്തിലെത്തുന്നു. ജി ബാലമുരുകന് സിനിമാറ്റോഗ്രാഫറും, ഗോപി സുന്ദര്‍ സംഗീതവുമൊരുക്കുന്നു. ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് സിനിമ ഒരുക്കുന്നു.