മഞ്ജു വാര്യര്‍ സിനിമയിലെത്തിയിട്ട് നാളെറെയായെങ്കിലും ഇതുവരെയും മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ടായിരുന്നില്ല. നീണ്ട കാത്തിരിപ്പ് ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്, ദ പ്രീസ്റ്റ് എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ചഭിനയിക്കുന്നു. കഴിഞ്ഞ ദിവസം ദ പ്രീസ്റ്റ് സെറ്റില്‍ മഞ്ജു വാര്യര്‍ ജോയിന്‍ ചെയ്തു. മമ്മൂട്ടിയ്ക്കൊപ്പമുള്ള ഒരു ഫോട്ടോ താരം സോഷ്യല്‍മീഡിയയിലൂടെ പങ്കു വയ്ക്കുകയും ചെയ്തു. സ്വപ്നസാഫല്യം എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.
ദ പ്രീസ്റ്റ് ഒരുക്കുന്നത് നവാഗതനായ ജോഫിന്‍ ടി ചാക്കോ ആണ്. ത്രില്ലര്‍ സിനിമയാണിത്. ജോഫിന്‍ തന്നെയാണ് കഥ എഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണങ്ങളും ദീപു പ്രദീപ്, ശ്യാം മോഹന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയിരിക്കുന്നു. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ അയ്യപ്പന്, ബേബി മോണിക -കൈതി ഫെയിം, ജഗദീഷ്, രമേഷ് പിഷാരടി, കരിക്ക് ഫെയിം അമേയ മാത്യു, ടോണി ലൂക്ക് എന്നിവരും പ്രധാന റോളുകള്‍ ചെയ്യുന്നു. പുതിയതായി ടീമിലേക്കെത്തിയിരിക്കുന്നത് നായികനായകന് ഫെയിം വെങ്കടേഷ് ആണ്. വിധു വിന്‍സന്റിന്റെ സ്റ്റാന്റ് അപ്പ് എന്ന സിനിമയിലും പ്രധാന വേഷം ചെയ്തിരുന്നു.
അണിയറയില്‍ ഡിഒപി ഇബ്ലിസ് ഫെയിം അഖില്‍ ജോര്‍ജ്ജ്, സംഗീതം രാഹുല്‍ രാജ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ് എന്നിവരാണ്. ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണന്, വിഎന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.