Categories
Film News

ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു

മഞ്ജു വാര്യര്‍, പ്രജേഷ് സേനന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെത്തുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയതായി വരുന്ന വാർത്തകൾ ജയസൂര്യയും ചിത്രത്തിന്‍റെ ഭാഗമാകുന്നുവെന്നാണ്. ജയസൂര്യയും, മഞ്ജു വാര്യരും ഒരുമിക്കുന്നത് ഇതാദ്യമായാണ്. സിനിമയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും അണിയറക്കാർ പുറത്തുവിട്ടിട്ടില്ല. യൂണിവേഴ്സൽ സിനിമയുടെ ബി രാകേഷ് സിനിമ നിർമ്മിക്കുന്നു. അടുത്ത വർഷം ചിത്രീകരണം തുടങ്ങാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. പ്രധാന ലൊക്കേഷനായി തിരഞ്ഞെടുത്തിരിക്കുന്നത് തിരുവനന്തപുരമാണ്.

പ്രജേഷ് സേനിന്‍റെ മുൻസിനിമകൾ രണ്ടെണ്ണത്തിലും ജയസൂര്യ നായകനാകുന്നു. ക്യാപ്റ്റൻ എന്ന സിനിമയിൽ ഫുട്ബോളർ വിപി സത്യനായി ജയസൂര്യ എത്തി. ചിത്രം ജയസൂര്യയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തു. രണ്ടാമത്തെ സിനിമ വെള്ളത്തിൽ ജയസൂര്യ ഒരു മുഴുമദ്യപനായെത്തുന്നു. ഈ വർഷം ആദ്യം റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.

ജയസൂര്യ നിലവിൽ സണ്ണി എന്ന തന്‍റെ 100ാമത് സിനിമയുടെ ചിത്രീകരണത്തിലാണ്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. മഞ്ജു വാര്യർ നിലവിൽ സഹോദരൻ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ബിജു മേനോൻ നായകനാകുന്ന സിനിമ നിര്‍മ്മിക്കുന്നതും മഞ്ജു വാര്യരാണ്.