ലോക്ഡൗണ്‍ തുടങ്ങിയതോടെ ഓടിടി റിലീസുകള്‍ ഇന്ത്യയില്‍ പ്രചാരം നേടികൊണ്ടിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോം ഉപയോക്താക്കള്‍ വന്‍തോതിലാണ് വര്‍ധിച്ചിരിക്കുന്നത്. ബോളിവുഡിലെ നിരവധി താരങ്ങളും സംവിധായകരും ഇതിനോടകം തന്നെ സിനിമകളും വെബ്സീരീസുകളും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്തുതുടങ്ങി. തമിഴില്‍, ഗൗതം വാസുദേവ് മേനോന് വെബ്സീരീസ് സാധ്യതകള്‍ ക്വീന്‍ എന്ന സീരീസിലൂടെ പ്രയോജനപ്പെടുത്തുന്ന ആദ്യസംവിധായകനായി.
തമിഴില്‍ പുതിയതായി ഒരു 9 എപ്പിസോഡുകളുള്ള സീരീസ് പ്ലാന്‍ ചെയ്യുന്നതായാണ് വാര്‍ത്തകള്‍. ഇന്ഡസ്ട്രിയിലെ പ്രമുഖരായ സംവിധായകരും താരങ്ങളും പ്രൊജക്ടിന്റെ ഭാഗമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മണിരത്നം നിര്‍മ്മിക്കുന്ന ഷോ ആമസോണ്‍ ്പ്രൈമിനുവേണ്ടിയാണ്.
നവരസങ്ങളെ ആസ്പദമാക്കിയുള്ളതാണ് സീരീസ്. ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നിവയാണ് നവരസങ്ങള്‍. ഈ നവരസങ്ങളാണ് ഷോയുടെ പ്രധാന തീം.
മണിരത്നം, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് നരേന്, ഗൗതം മേനോന്, അരവിന്ദ് സ്വാമി എന്നിവര്‍ എപ്പിസോഡുകള്‍ സംവിധാനം ചെയ്യുന്നുവെന്നാണ് കേള്‍ക്കുന്നത്. ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.