Categories
Film News

മമ്മൂട്ടിയുടെ ഷൈലോക്, തമിഴില്‍ കുബേരന്‍. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

മമ്മൂട്ടി ചിത്രം ഷൈലോക് തമിഴിലും മലയാളത്തിലുമായാണ് ഒരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ് വെര്‍ഷന് കുബേരന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിയും രാജ് കിരണുമാണ് പോസ്റ്ററിലുള്ളത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങളായ രാജാധിരാജ, മാസ്റ്റര്‍പീസ് എന്നിവയിലും മമ്മൂട്ടിയായിരുന്നു നായകന്‍.

ബിബിന്‍ മോഹന്‍ , അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ഷൈലോക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി സിനിമയില്‍ ഒരു പലിശക്കാരനായെത്തുന്നു. രാജ് കിരണ്‍ ആദ്യമായി മലയാളത്തിലേക്കെത്തുകയാണ് ചിത്രത്തിലൂടെ. തമിഴ് വെര്‍ഷന് സംഭാഷണമൊരുക്കിയിരിക്കുന്നതും ഇദ്ദേഹമാണ്. മീന, ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്, അര്‍ത്ഥന ബിനു, അര്‍ജ്ജുന്‍ നന്ദകുമാര്‍, ഹരീഷ് കണാരന്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു.

അണിയറക്കാര്‍ പറയുന്നത് ഷൈലോക് അക കുബേരന്‍ ഒരു ഫാമിലി മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ്. ആക്ഷനും ഹ്യൂമറും ഇമോഷന്‍സുമെല്ലാമുള്ള ഒരു സിനിമ. സിനിമാറ്റോഗ്രാഫി ചെയ്തിരിക്കുന്നത് റെണദീവ്, സംഗീതം ഗോപി സുന്ദര്‍. ജോബി ജോര്‍ജ്ജ് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.