Categories
Film News

മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍ ഓണത്തിന് തിയേറ്ററുകളിലേക്കെത്തും

രമേഷ് പിഷാരടിയുടെ അടുത്ത സംവിധാനസംരംഭം മമ്മൂട്ടി നായകനാകുന്ന ഗാനഗന്ധര്‍വ്വന്‍ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. കോമഡി എന്റര്‍ടെയ്‌നര്‍ ആയ സിനിമയില്‍ മമ്മൂട്ടി കലാദാസന്‍ ഉല്ലാസ് എന്ന ഗാനമേള പാട്ടുകാരനായാണ് എത്തുന്നത്. രമേഷ് പിഷാരടിയും ഹരിനായരും ഒന്നിച്ച് തിരക്കഥ ഒരുക്കുന്ന സിനിമയാണിത്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്‌സും ഒരുമിച്ചാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഗാനഗന്ധര്‍വ്വന്‍ സെപ്തംബറില്‍ ഓണചിത്രമായാണ് തിയേറ്ററുകളിലേക്കെത്തുക. ഉത്സവകാലത്ത് കുടുംബപ്രേക്ഷകര്‍ വിനോദചിത്രങ്ങള്‍ കാണാന്‍ ഏറെ താത്പര്യപ്പെടുമെന്നതിനാല്‍ തന്നെ സിനിമ റിലീസ് ചെയ്യുന്നത് നല്ല സമയത്താണ്. രമേഷ് പിഷാരടിയുടെ ആദ്യസിനിമ പഞ്ചവര്‍ണ്ണതത്തയും കോമഡി ചിത്രമായിരുന്നു. ബോക്‌സോഫീസില്‍ വിജയമായിരുന്നു സിനിമ.

അണിയറക്കാര്‍ പുതുമുഖം വന്ദിത മനോഹരനെയാണ് നായികാസ്ഥാനത്തേക്ക് കണ്ടെത്തിയിരിക്കുന്നത്. സിനിമയുടെ ഭാഗമായി നല്ലൊരു സഹതാരനിര തന്നെയുണ്ട്. മുകേഷ്, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, അബു സലീം, സലീം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, അശോകന്‍, ഇന്നസെന്റ്, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍. പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ അഴകപ്പന്‍, സംഗീത സംവിധായകന്‍ ദീപക് ദേവ്, എഡിറ്റര്‍ ലിജോ പോള്‍ എന്നിവരാണ് അണിയറയിലുള്ളത്.