Categories
Film News

ഓണത്തിന് ഇട്ടിമാണിയും ഗാനഗന്ധര്‍വ്വനും ഒരുമിച്ചെത്തും

ഈ വര്‍ഷത്തെ ഓണത്തിന് ഒരിക്കല്‍ കൂടി മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തുന്നു. രണ്ട് സൂപ്പര്‍സ്റ്റാറുകളും ഈ വര്‍ഷം നല്ല തുടക്കത്തോടെയാണ് ആരംഭിച്ചത്.മോഹന്‍ലാലിന്റെ ലൂസിഫറും, മമ്മൂട്ടിയുടെ മധുരരാജയും 100കോടി ക്ലബില്‍ ഇടം നേടിയിരുന്നു.

മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന സിനിമയില്‍ മമ്മൂക്ക കലാദാസന്‍ ഉല്ലാസ് എന്ന ഗാനമേള ഗായകനായെത്തുന്നു. പുതുമുഖതാരം വന്ദിതയാണ് നായികയായെത്തുന്നത്.

മോഹന്‍ലാലിന്റെ ഓണം റിലീസ് ഇട്ടിമാണി : മെയ്ഡ് ഇന്‍ ചൈനയാണ്. പുതുമുഖ സംവിധായകരായ ജിബി, ജോജു ആണ് സിനിമ ഒരുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന സിനിമയാണിത്. മുമ്പ് പത്മരാജന്റെ തൂവാനത്തുമ്പികളിലായിരുന്നു ലാലേട്ടന്‍ തൃശ്ശൂര്‍ക്കാരനായെത്തിയത്. ഇട്ടിമാണിയില്‍ കുന്ദംകുളത്തുകാരനായാണ് ലാലേട്ടന്‍ എത്തുന്നത്. മുഴുനീള എന്റര്‍ടെയ്‌നര്‍ ആയ സിനിമയില്‍ ഹണി റോസ് നായികയായെത്തുന്നു. രാധിക ശരത്കുമാര്‍ സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി മലയാളത്തിലേക്ക് വീണ്ടുമെത്തുന്നു ചിത്രത്തിലൂടെ.

മമ്മൂട്ടിയുടെ ചരിത്ര സിനിമ മാമാങ്കം, ഖാലിദ് റഹ്മാന്‍ ചിത്രം ഉണ്ട, ബിഗ് ബി സ്വീകല്‍ തുടങ്ങി ഒട്ടേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മോഹന്‍ലാല്‍ സംവിധായകന്‍ സിദ്ദീഖിനൊപ്പം വീണ്ടുമെത്തുന്ന ബിഗ് ബ്രദര്‍, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ മരക്കാര്‍: അറബിക്കടലിന്റെ സിംഹം തുടങ്ങി നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നു.കൂടാതെ ബാറോസ് എന്ന 3ഡി സിനിമയിലൂടെ സംവിധായകനുമാവുകയാണ് ലാലേട്ടന്‍.