രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്വ്വന് ചിത്രീകരണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി തന്റെ ഭാഗങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. സിനിമയില്‍ മമ്മൂക്ക ഗാനമേള പാട്ടുകാരന് കലാസദന്‍ ഉല്ലാസ് ആയാണെത്തുന്നത്. സിനിമയില്‍ മൂന്നു വ്യത്യസ്ത ലുക്കില്‍ മമ്മൂട്ടി എത്തുന്നു, അതില്‍ ഒന്ന് മുടി നീട്ടിയുള്ള ആദ്യ പോസ്റ്ററിലെ ലുക്ക്.
ഗാനഗന്ധര്വ്വന് മുഴുവനായും ഒരു വിനോദചിത്രമായിരിക്കും. പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വന്ദിത മനോഹരന്, അതുല്യ എന്നിവര്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ്, അശോകന്, മനോജ് കെ ജയന്, സുരേഷ് കൃഷ്ണ, അബു സലീം, സലീം കുമാര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, റാഫി, ജോണി ആന്റണി, ഇന്നസെന്റ്, മണിയന് പിള്ള രാജു തുടങ്ങിയ സഹതാരങ്ങളും ചിത്രത്തിലുണ്ട്.
പ്രശസ്ത ഛായാഗ്രാഹകന്‍ അഴകപ്പന്‍ ക്യാമറയും, ദീപക് ദേവ് സംഗീതവും, ലിജോ പോള്‍ എഡിറ്റിംഗും ചെയ്യുന്നു. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്ടെയ്ന്മെന്റ്സും സംയുക്തമായാണ് സിനിമ നിര്‍മ്മിക്കുന്നത്. സെപ്തംബറില്‍ ഓണചിത്രമായി സിനിമ തിയേറ്ററുകളിലേക്കെത്തും.