Categories
Film News

മമ്മൂട്ടി, നയന്‍താര, വിജയ് സേതുപതി ടീം ഒരുമിക്കുന്നു

റിപ്പോര്‍ട്ടുകളനുസരിച്ച് സൗത്തില്‍ ഒരു വലിയ മള്‍ട്ടിസ്റ്റാര്‍ ചിത്രം ഒരുങ്ങുന്നു. മമ്മൂട്ടി, വിജയ്‌സേതുപതി, നയന്‍താര ടീം തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ഒരുമിക്കുന്നു. നവാഗതനായ വിപിന്‍ ആണ് ചിത്രമൊരുക്കുന്നത്. ഒഫീഷ്യല്‍ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഈ വര്‍ഷം തന്നെ ചിത്രീകരണം നടക്കുമെന്നാണറിയുന്നത്. മൂന്ന് താരങ്ങളും മുമ്പ് ഒരു ചിത്രത്തിനായി ഒരുമിച്ചിട്ടില്ല.

മമ്മൂട്ടി ഇപ്പോള്‍ ഷൈലോക് എന്ന അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. അദ്ദേഹത്തിന്റെ അടുത്ത റിലീസ് നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി ഒരുക്കുന്ന ഗാനഗന്ധര്‍വ്വന്‍ ആണ്. മമ്മൂട്ടിയുടെ ഓണചിത്രമായിരിക്കുമിത്. കൂടാതെ എം പത്മകുമാര്‍ ഒരുക്കുന്ന ചരിത്രസിനിമ മാമാങ്കം, വിനോദ് വിജയന്‍ ചിത്രം അമീര്‍, അമല്‍ നീരദിന്റെ ബിലാല്‍, ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

വിജയ് സേതുപതിയുടെ നിരവധി പ്രൊജക്ടുകള്‍ ഒരുങ്ങുന്നുണ്ട്. സേ രാ നരസിംഹ റെഡ്ഡി, കടൈസി വ്യവസായി, മാമനിതന്‍, സംഗ തമിഴന്‍, ലാബം എന്നിവയാണ് ചിത്രങ്ങള്‍. നയന്‍താരയും നിരവധി സിനിമകളുടെ തിരക്കിലാണ്. വിജയ് അറ്റ്‌ലി സിനിമ ദളപതി 63, രജനീകാന്തിന്റെ ദര്‍ബാര്‍, ചിരഞ്ജീവി ചിത്രം സേ രാ നരസിംഹ റെഡ്ഡി കൂടാതെ മലയാളത്തില്‍ നിവിന്‍ പോളിയ്‌ക്കൊപ്പമുള്ള ലവ് ആക്ഷന്‍ ഡ്രാമയും താരത്തിന്റെ സിനിമകളാണ്.