അടുത്തിടെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ ഹൈപ്പോടെയെത്തുന്ന മമ്മൂട്ടി ചിത്രം മാമാങ്കം പോസ്റ്റ് പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലാണ്. സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റിനായി ഫാന്‍സുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള പുതിയ വാര്‍ത്ത എത്തിയിരിക്കുകയാണിപ്പോള്‍, മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍, സെപ്തംബര്‍ 7ന് മാമാങ്കം ടീസര്‍ റിലീസ് ചെയ്യുകയാണ് അണിയറക്കാര്‍. മമ്മൂട്ടി ആരാധകര്‍ക്കുള്ള ഇരട്ടിമധുരമായിരിക്കും ടീസര്‍. എം പത്മകുമാര്‍ ഒരുക്കുന്ന മാമാങ്കം ചരിത്രസിനിമയാണ്. ആക്ഷന് പ്രാധാന്യം ല്‍കിയുള്ള സിനിമ നിര്‍മ്മിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി ആണ്.

മാമാങ്കം ചരിത്രസിനിമയാണ്, 80ശതമാനത്തോളം കാര്യങ്ങള്‍ യഥാര്‍ത്ഥ സംഭവങ്ങളാണ്. സിനിമയുടെ ആദ്യസംവിധായകന്‍ സജീവ് പിള്ള 12വര്‍ഷത്തോളമെടുത്താണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ പിന്നീട് തിരക്കഥ ഏറ്റെടുക്കുകയായിരുന്നു. 12വര്‍ഷങ്ങളിലൊരിക്കല്‍ ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായ മണല്‍പ്പുറത്ത് നടത്തിയിരുന്ന ഒരു ഉത്സവമായിരുന്നു മാമാങ്കം. ഏതാണ്ട് 280വര്‍ഷത്തോളം ഉത്സവം നടന്നുപോന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ചാവേര്‍പടയാളികള്‍ തങ്ങളുടെ വീര്യം കാണിച്ച് പൊരുതുന്ന ഉത്സവം.

മാമാങ്കത്തില്‍ പേടി തെല്ലുമില്ലാത്ത ചാവേറായാണ് മമ്മൂട്ടി എത്തുന്നത്. ഉണ്ണി മുകുന്ദന്‍ സിനിമയില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന ഒരു കാരണവരായെത്തുന്നു. കനിഹ, അനു സിതാര, പ്രാച്ചി ടെഹ്ലാന്‍, സിദ്ദീഖ്, സുദേവ് നായര്‍, തരുണ്‍ അറോറ, സുരേഷ് കൃഷ്ണ, മണിക്കുട്ടന്‍, മണികണ്ഠന്‍, ഇനിയ, സുധീര്‍ കരമന എന്നിവരും ചിത്രത്തിലുണ്ട്.

Published by eparu

Prajitha, freelance writer