Categories
Film News

മാലികും കോൾഡ് കേസും നേരിട്ട് ഒടിടി റിലീസിന്

ഫഹദ് ഫാസിൽ ചിത്രം മാലിക്, പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് എന്നിവ നേരിട്ട് ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ആന്റോ ജോസഫ് ആണ് രണ്ട് ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തീരുമാനം അറിയിച്ചുകൊണ്ട് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കത്ത് നൽകിയിരിക്കുന്നുവെന്നാണ് അറിയുന്നത്. തിയേറ്റർ റിലീസിനായി ശ്രമിച്ചെങ്കിലും ലോക്ഡൗണ് നീണ്ടുപോവുന്ന സാഹചര്യത്തിൽ അതിന് സാധിക്കാത്ത അവസ്ഥയാണ്. ലീഡിം​ഗ് സ്ട്രീമിം​ഗ് പ്ലാറ്റ്ഫോമുകളുമായുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണ്, ഔദ്യോ​ഗിക പ്രഖ്യാപനം ഉടനുണ്ടാവും.

മാലിക്, മഹേഷ് നാരായണൻ സംവിധാനം ചെയ്ത് സിനിമ ചിത്രീകരണം പൂർത്തിയാക്കിയിട്ടു തന്നെ ഒരു വർഷത്തോളമായി. 2020 മധ്യത്തിലായി തിയേറ്ററുകളിലെത്തിക്കാൻ പ്ലാൻ ചെയ്ത സിനിമയായിരുന്നു. ഫഹദ് ഫാസിൽ ടൈറ്റിൽ കഥാപാത്രമായെത്തുന്ന വിവിധ കാലഘട്ടങ്ങളിലായ കഥ പറയുന്ന സിനിമയാണിത്. വിനയ് ഫോർട്ട്, നിമിഷ സജയൻ, ദിലീഷ് പോത്തൻ, ജോജു ജോർജ്ജ്, ദിനേശ് പണിക്കർ, ഇന്ദ്രൻസ്, സുധി കൊപ്പ ചന്തു നാഥ്, പഴയകാല നായിക ജലജ, മാല പാർവ്വതി എന്നിവർ സ​ഹതാരങ്ങളായെത്തുന്നു.

കോൾഡ് കേസ് , പൃഥ്വിരാജ് പോലീസ് വേഷത്തിലെത്തുന്ന ഇൻവസ്റ്റി​ഗേഷൻ ത്രില്ലർ സിനിമയാണ്. കഴിഞ്ഞ ഡിസംബറിൽ തന്നെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഛായാ​ഗ്രാഹകനായിരുന്ന തനു ബാലക് ആണ് സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യസംവിധാനസംരംഭമാണിത്. ശ്രീനാഥ് വി നാഥ് തിരക്കഥ ഒരുക്കുന്നു. തമിഴ് താരം അതിഥി ബാലൻ- അരുവി ഫെയിം നായികയായെത്തുന്നു.