മമ്മൂട്ടിയുടെ പൊളിറ്റിക്കല്‍ ഡ്രാമ വണ്‍ ഈ വര്‍ഷത്തെ പ്രധാനസിനിമകളില് ഒന്നാണ്. വിഷു റിലീസായാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പിന്നീട് ആഗസ്റ്റില്‍ ഓണം സീസണിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ നിലവിലെ അവസ്ഥയില്‍ അതും അനിശ്ചിതത്വത്തിലാണെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. ചിത്രത്തിന്റെ പ്രധാനഭാഗം ഇനിയും ചിത്രീകരിക്കാനുണ്ട്. മമ്മൂട്ടിയും ഒരു വലിയ ജനക്കൂട്ടവും എത്തുന്ന സീനാണ് ചിത്രീകരിക്കാനുള്ളത്.
ജൂലൈ അവസാനം ചിത്രീകരിക്കാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കിലും അന്തിമതീരുമാനം അന്നത്തെ അവസ്ഥയനുസരിച്ചായിരിക്കും. നിലവില്‍ കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സിനിമാചിത്രീകരണത്തിന് പരമാവധി ആളുകളുടെ എണ്ണം നിജപ്പെടുത്തിയിരിക്കുകയാണ്.
ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി കേരളമുഖ്യമന്ത്രിയായെത്തുന്നു. കടക്കല്‍ ചന്ദ്രന് എന്നാണ് കഥാപാത്രത്തിന്റെ പേര്. ബോബി, സഞ്ജയ് കൂട്ടുകെട്ട് ആദ്യമായി മമ്മൂട്ടിക്ക് തിരക്കഥ ഒരുക്കുന്ന സിനിമയുമാണിത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയില്‍ യഥാര്‍ത്ഥ സംഭവങ്ങളും വരുന്നുണ്ട്.
വണ്‍ സിനിമയുടെ ഭാഗമായി വലിയ ഒരു സഹതാരനിരതന്നെയുണ്ട്. ജോജു ജോര്‍ജ്ജ്, മുരളി ഗോപി, നിമിഷ സജയന്, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്, അലന്‍സിയര്‍ ലെ ലോപസ്, മാമുക്കോയ, സിദ്ദീഖ്, ബാലചന്ദ്രമേനോന്, സലീം കുമാര്‍, മധു, രഞ്ജിത്, മാത്യു തോമസ്, ഇഷാനി കൃഷ്ണ, ഗായത്രി അരുണ്‍, ജയന് ചേര്‍ത്തല, ബാലാജി ശര്‍മ്മ തുടങ്ങിയവര്‍.
അണിയറയില്‍ വൈദി സോമസുന്ദരം ക്യാമറ ഒരുക്കുന്നു. സംഗീതം ഗോപി സുന്ദര്‍. ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമ ആന്റോ ജോസഫ് ഫിലിം കമ്പനി കേരളത്തില്‍ വിതരണം ചെയ്യുന്നു.