ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. മേജര്‍ രവി ബ്രിഡ്ജ് ഓണ്‍ ഗാല്‍വാന്‍ എന്ന പേരില്‍ സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യ ചൈന സംഘര്‍ഷങ്ങളുടെ ചരിത്രവും ഗല്‍വാന്‍ പാലത്തിന്റെ നിര്‍മ്മാണവും ചിത്രത്തിലൂടെ പറയാനുദ്ദേശിക്കുന്നതായി സംവിധായകന്‍ അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയാവും സിനിമ ഒരുക്കുക.

മേജര്‍ രവി, മുമ്പ് കാര്‍ഗില്‍ യുദ്ധത്തെയും 1971ലെ ഇന്‍ഡോ പാക് യുദ്ധത്തേയും സംബന്ധിച്ച് കീര്‍ത്തി ചക്ര, പിക്കറ്റ് 43 എന്നീ സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. രണ്ടിലും പാകിസ്ഥാനുമായുള്ള സംഘട്ടനങ്ങളായിരുന്നു വിഷയമായിരുന്നത്. വരാനിരിക്കുന്ന സിനിമയില്‍ മുന്‍കാലങ്ങളില്‍ ഇന്ത്യയും ചൈനയുമായുണ്ടായ സംഘര്‍ഷങ്ങളും അതിനെ മുന്‍കാലസര്‍ക്കാരുകള്‍ ഏത് തരത്തിലാണ് കൈകാര്യം ചെയ്തിരുന്നതെന്നും കാണിക്കും. ആയുധങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാതെ മോശമായ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ജോലി ചെയ്തതെല്ലാം സിനിമയിലുണ്ടാവും.

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് വിഷയമെങ്കിലും പ്രധാനമായും പറയുന്നത് ഗാല്‍വാന്‍ പാലം നിര്‍മ്മാണത്തെ കുറിച്ചായിരിക്കും.

സിനിമ നിലവില്‍ പ്രാരംഭഘട്ടത്തിലാണ്. പാന്‍ ഇന്ത്യന്‍ സിനിമയായൊരുക്കാനാണ് ആലോചിക്കുന്നത്. യഥാര്‍ഥത്തില്‍ സംഭവം നടന്ന സ്ഥലങ്ങളിലാണ് സംവിധായകന്‍ സിനിമ ചിത്രീകരിക്കാറുള്ളത്. ജനുവരി 2021ല്‍ ചിത്രീകരണം തുടങ്ങണമെന്നാണ് കരുതുന്നത്, കാലാവസ്ഥയും കോവിഡ് വ്യാപനപ്രശ്‌നങ്ങളും അനുകൂലിച്ചാല്‍ എന്നും സംവിധായകന്‍ അറിയിച്ചു.

Published by eparu

Prajitha, freelance writer