Categories
Film News

മധുരരാജ ചിത്രീകരണം പൂര്‍ത്തിയായി, സിനിമയുടെ ഓഡിയോയും മോഷന്‍ പോസ്റ്ററുമെത്തി

കഴിഞ്ഞ ദിവസം അറിയിച്ചതു പോലെ മധുരരാജയുടെ മോഷന്‍ പോസ്റ്ററും ഓഡിയോയും ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ മമ്മൂട്ടിയുടെ 2010ലെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം പോക്കിരിരാജയുടെ രണ്ടാംഭാഗമാണ്. സിബി കെ തോമസിനൊപ്പം ആദ്യഭാഗത്തിന്റെ തിരക്കഥ ഒരുക്കിയ ഉദയ്കൃഷ്ണ സ്വന്തമായാണ് മധുരരാജയ്ക്ക് തിരക്കഥ ഒരുക്കുന്നത്.

മധുര രാജ വളരെ പ്രതീക്ഷകളോടെയാണ് അണിയറയില്‍ ഒരുങ്ങുന്നത്. വൈശാഖിന്റെ അവസാന ചിത്രം പുലിമുരുകന്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായിരുന്നു. ഇപ്രാവശ്യവും വിജയം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. പുലിമുരുകനിലെ ടെക്‌നികല്‍ ടീം തന്നെയാണ് മധുരരാജയിലും. സിനിമാറ്റോഗ്രാഫര്‍ ഷാജി കുമാര്‍, സറ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയന്‍, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, എഡിറ്റര്‍ ജോണ്‍കുട്ടി എന്നിവര്‍.

മധുരരാജയില്‍ വലിയ താരനിര തന്നെയുണ്ട്, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍, അനു ശ്രീ തുടങ്ങിയവര്‍. കൂടാതെ തമിഴ് താരം ജയ് ആദ്യമായി മലയാളത്തിലേക്കെത്തുന്നു മധുരരാജയിലൂടെ. ജഗപതി ബാബു വില്ലന്‍ വേഷത്തിലെത്തുന്നു ചിത്രത്തില്‍. സണ്ണി ലിയോണ്‍ സ്‌പെഷല്‍ ഡാന്‍സുമായി മമ്മൂട്ടിയ്‌ക്കൊപ്പം എത്തുന്നുണ്ട്.

നെല്‍സണ്‍ ഐപ് ആണ് മധുരരാജ നിര്‍മ്മിക്കുന്നത്. വിഷു റിലീസായി ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തും.