Categories
Film News

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ എംജി ശ്രീകുമാറിന്റെ ഗാനം

മോഹന്‍ലാലിന്റെ ഓണം റിലീസ് ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ചിത്രീകരണം ഏതാണ്ട് അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. ചൈനയില്‍ ചെറിയ ഒരു ഭാഗം ചിത്രീകരിക്കാനുണ്ട്. സംവിധായകന്‍ ജിബി, ജോജു ടീം മുഴുനീള കോമഡി എന്റര്‍ടെയ്‌നറായാണ് സിനിമ ഒരുക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

അടുത്തിടെ അണിയറക്കാര്‍ ചിത്രത്തിലെ ഗാനം എം ജി ശ്രീകുമാര്‍ പാടുന്നത് റെക്കോര്‍ഡ് ചെയ്തു. 4മ്യൂസിക്‌സ് ആണ് ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി എംജിശ്രീകുമാറിനൊപ്പം ചേര്‍ന്നിരിക്കുകയാണ് ഇവര്‍. മുമ്പ് ഒപ്പം എന്ന സിനിമയിലെ ചിന്നമ്മ എന്ന ഗാനം മോഹന്‍ലാലിന് വേണ്ടി എംജി ശ്രീകുമാര്‍ ആലപിച്ചിരുന്നു. സന്തോഷ് വര്‍മ്മയുടേതാണ് പുതിയ ഗാനത്തിന്റെ വരികള്‍. എംജിയ്‌ക്കൊപ്പം വൃന്ദ ഷമീക്, മാസ്റ്റര്‍ ആദിത്യന്‍- ടോപ് സിംഗര്‍ ഫെയിം എന്നിവരും ഗാനം ആലപിച്ചിരിക്കുന്നു.

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ മറ്റു ഗാനങ്ങള്‍ ഒരുക്കുന്നത് കൈലാസ് മേനോന്‍ ആണ്. തീവണ്ടി എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം മലയാളസിനിമയിലേക്കെത്തിയ സംഗീതസംവിധായകന്‍.

ഇട്ടിമാണിയില്‍ മോഹന്‍ലാല്‍ കാറ്ററിംഗ് സര്‍വീസ് നടത്തുന്ന ആളായാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹണി റോസ് നായികവേഷം ചെയ്യുന്ന സിനിമയില്‍ രാധിക ശരത് കുമാര്‍ പ്രധാനവേഷത്തില്‍ എത്തുന്നു. സിദ്ദീഖ്, വിനു മോഹന്‍, അജു വര്‍ഗ്ഗീസ്, കൈലാസ്,ജോണി ആന്റണി, ഹരീഷ് കണാരന്‍, സലീം കുമാര്‍, സിജോയ് വര്‍ഗ്ഗീസ്, നന്ദു, സ്വാസിക, എന്നിവരും സഹതാരങ്ങളായെത്തുന്നു.