റൊമാന്സും, കല്യാണവും, അടിയും ഇടിയും സംഗീതവുമൊക്കെ നിറഞ്ഞ ടീസര്‍, ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളി, നയന്‍താര ടീമിന്റെ ഓണചിത്രമാണിത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമ ഒരുക്കിയിരിക്കുന്നത് നടന് ധ്യാന്‍ ശ്രീനിവാസന് ആണ്. അച്ഛന് ശ്രീനിവാസനേയും ഏട്ടന് വിനീതിനേയും പിന്തുടര്ന്ന് ധ്യാനും സംവിധാനരംഗത്തേക്കെത്തുകയാണ്.
നിവിന്‍ പോളി കഥാപാത്രം, മല്ലിക സുകുമാരനോട് ഞാന്‍ ഒരു കല്യാണം ചെയ്താലോന്ന് ആലോചിക്കുകയാ എന്ന ഡയലോഗോടെയാണ് ടീസര്‍ തുടങ്ങുന്നത്. ചിരിച്ചുകൊണ്ട് ഇപ്പോള്‍ പോയി ഉറങ്ങാന്‍ പറയുകയാണ് മല്ലിക. അജു വര്‍ഗ്ഗീസ്, നിവിന്റെ സുഹൃത്തായി ഈ സിനിമയിലുമെത്തുന്നു. നയന്‍താര മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മലയാളചിത്രത്തിലെത്തുകയാണ്. പുതിയനിയമം എന്ന മമ്മൂട്ടി ചിത്രത്തില്‍ വാസുകി അയ്യര്‍ എന്ന കഥാപാത്രമായാണ് താരം അവസാനം മലയാളത്തിലെത്തിയത്.
ലാഡില്‍ നയന്‍ ശോഭ എന്ന കഥാപാത്രമായും നിവിന്‍ ദിനേശ് എന്ന കഥാപാത്രമായുമെത്തുന്നു. സംവിധായകന് ധ്യാനിന്റെ അച്ഛന് ശ്രീനിവാസനും സിനിമയിലെത്തുന്നുണ്ട്. 1989കളിലെ ശ്രീനിവാസന് ചിത്രത്തിലെ കഥാപാത്രങ്ങളുടെ അതേ പേരിലാണ് പുതിയ ചിത്രത്തിലെ കഥാപാത്രങ്ങളുമെത്തുന്നത്. അക്കാലത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു വടക്കുനോക്കിയന്ത്രം. ശ്രീനിവാസന് ദിനേശനും പാര്‍വ്വതി ശോഭയുമായെത്തിയ സിനിമ. ഭാര്യ തന്നെക്കാള്‍ സുന്ദരിയാണെന്ന വിചാരത്താല്‍ ഭാര്യയെ സംശയത്തോടെ നോക്കുന്ന ഭര്‍ത്താവായി ശ്രീനിവാസന് തകര്‍ത്തഭിനയിച്ച സിനിമയായിരുന്നു.
ലാഡില്‍ ധ്യാനിന്റെ സഹോദരന് വിനീതുമെത്തുന്നുണ്ട്. ഷാന്‍ റഹ്മാന് ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ വരികള്‍ എഴുതിയിരിക്കുന്നത് വിനീതാണ്. സിനിമാറ്റോഗ്രാഫി ജോമോന് ടി ജോണ്‍, റോബി വര്‍ഗ്ഗീസ് രാജ് എന്നിവര്‍ ചേര്‍ന്ന ചെയ്യുന്നു. എഡിറ്റിംഗ് വിവേക് ഹര്ഷനും. വിശാഖ് സുബ്രഹ്മണ്യത്തിനൊപ്പം അജു വര്‍ഗ്ഗീസ് ഫണ്ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.