നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ടീസറെത്തി. ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ പ്രീമിയറിനുശേഷം സിനിമയുടെ പ്രതീക്ഷകളും വാനോളം ഉയര്‍ന്നിരിക്കുകയാണ്. വളരെ നല്ല പ്രതികരണങ്ങള്‍ ലഭിച്ച സിനിമയ്ക്ക് നിരവധി ഫോറങ്ങള്‍ ഈ വര്‍ഷത്തെ ആദ്യപത്ത് സിനിമകളില്‍ സ്ഥാനവും നല്കിയിരിക്കുന്നു.
ജല്ലിക്കട്ട് എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്. യഥാര്‍ത്ഥ കഥ മാവോയിസ്റ്റ് സാഹചര്യത്തേയും സ്വാതന്ത്ര്യത്തിനായുള്ള വ്യക്തികളുടെ അവകാശത്തേയും രണ്ട് പോത്തുകളുടെ കാഴ്ചയിലൂടെ അവതരിപ്പിക്കുകയാണ്. കഥയുടെ കാതലെടുത്ത് ഹരീഷ്. ആര് ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. കേരളത്തിലെ ഒരു റിമോട്ട് വില്ലേജിലാണ് കഥ നടക്കുന്നത്. അവിടെ ഒരു കാള രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന ലഹളയും മറ്റുമാണ് സിനിമ പറയുന്നത്.
ആന്റണി വര്‍ഗ്ഗീസ്, ശാന്തി ബാലചന്ദ്രന്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. അണിയറയില്‍ ഗിരീഷ് ഗംഗാധരന് ഡിഓപി, സംഗീതം പ്രശാന്ത് പിള്ള, എഡിറ്റര്‍ ദീപു ജോസഫ്, സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവി. ഒക്ടോബര്‍ ആദ്യവാരം ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്.