കാര്‍ത്തിയേയും ജ്യോതികയേയും മുഖ്യകഥാപാത്രങ്ങളാക്കി സംവിധായകന് ജിത്തു ജോസഫ് തമിഴില്‍ ഒരുക്കുന്ന സിനിമയാണ് തമ്പി. ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍. മോഹന്‍ലാല്‍ ടീസര്‍ പ്രേക്ഷകര്‍ക്കായി ഷെയര്‍ ചെയ്തു. ജ്യോതികയും കാര്‍ത്തിയും സഹോദരങ്ങളായെത്തുന്ന സിനിമയില്‍ ഇവരുടെ അച്ഛന് വേഷത്തില്‍ സത്യരാജുമെത്തുന്നു.
കാര്‍ത്തിയും ജ്യോതികയും ആദ്യമായാണ് ഒരുമിച്ച് സ്ക്രീനിലെത്തുന്നത്. അതിന്റെ സന്തോഷം കാര്‍ത്തി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. അണ്ണിയ്ക്കൊപ്പം ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ കഴിഢ്ഢകില് വളരെ സന്തോഷമുണ്ടെന്നും എല്ലാവരുടേയും അനുഗ്രഹം തങ്ങള്‍ക്ക് വേണമെന്നും താരം അറിയിച്ചിരുന്നു.
സസ്പെന്‍സ് ത്രില്ലര്‍ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീര്‍ അറോറ, ജിത്തു ജോസഫ്, രെണ്‍സില്‍ഡിസില്‍വ എന്നിവര്‍ ചേര്‍ന്നാണ്. പാപനാശത്തിന് (ദൃശ്യം റീമേക്ക്) ശേഷം ജിത്തു ജോസഫ് ഒരുക്കുന്ന തമിഴ് സിനിമയാണ് തമ്പി. ഗോവിന്ദ് വസന്ത സംഗീതം, ആര്‍ഡി രാജശേഖര്‍ ഛായാഗ്രഹണം എന്നിവരാണ് അണിയറയിലെ മറ്റുള്ളവര്‍.
കാര്‍ത്തി, ജ്യോതിക, സത്യരാജ് എന്നിവര്‍ക്കൊപ്പം നിഖില വിമല്‍, ഇളവരശ്, എന്നിവരും ചിത്രത്തിലുണ്ട്. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്. വയാകോം 18 സ്റ്റുഡിയോസിന്റെ ബാനറില്‍ പാരലല്‍ മൈന്ഡ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജിത്തുവിന്റെ ആദ്യ ബോളിവുഡ് സിനിമ ബോഡിയുടെ ട്രയിലറും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഋഷി കപൂര്‍, ഇമ്രാന് ഹഷ്മി, ശോഭിത ദുലിപാല, വേദിക എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായെത്തുന്നത്.