Categories
Film News

തലൈവി : കങ്കണ ജയലളിതയാകുന്നു

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി നിരവധി പ്രൊജക്ടുകള്‍ ഒരുങ്ങുന്നുണ്ട്. അക്കൂട്ടത്തില്‍ എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തലൈവി എന്നാണ് പേരിട്ടിരിക്കുന്നത്. ബോളിവുഡ് നടി കങ്കണയാണ് ജയലളിതയായെത്തുന്നത്. കങ്കണയുടെ പിറന്നാളിനോടനുബന്ധിച്ച് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി.
ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അവതരിപ്പിച്ചത്.

രണ്ട് ഭാഷകളിലായി ഒരുക്കുന്ന ജയലളിത ബയോപികില്‍ കങ്കണ ജയലളിതയായെത്തുന്നു. തമിഴില്‍ സിനിമയുടെ പേര് തലൈവി എന്നാണ്.ഹിന്ദിയില്‍ ജയ എന്നും. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന സിനിമ എഴുതുന്നത് കെ വി വിജയേന്ദ്ര പ്രസാദ് [ബാഹുബലി, മണികര്‍ണ്ണിക]ആണ്. വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ഷൈലേഷ് ആര്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കും.

നീരവ് ഷാ ആണ് ക്യാമറ, ജി വി പ്രകാശ് സംഗീതസംവിധാനവും ചെയ്യും. എഡിറ്റിംഗ് ആന്റണി,മലയാളത്തിലെ ദേശീയ പുരസ്‌കാര ജേതാവായ മേക്കപ്പ്മാന്‍ പട്ടണം റഷീദ് സിനിമയുടെ ഭാഗമാകുന്നു.

തലൈവി കൂടാതെ മറ്റു രണ്ടു ജയലളിത ബയോപികുകളും ഒരുങ്ങുന്നുണ്ട്. മിസ്‌കിന്റെ മുന്‍ അസോസിയേറ്റായിരുന്ന എ പ്രിയദര്‍ശിനി ഒരുക്കുന്ന അയേണ്‍ ലേഡി ആണ് ഒരു സിനിമ. ചിത്രത്തില്‍ നിത്യ മേനോന്‍ മുന്‍ മുഖ്യമന്ത്രിയുടെ വേഷം ചെയ്യുന്നു. മറ്റൊന്ന് ലെജന്ററി ഫിലിം മേക്കര്‍ ഭാരതിരാജ പ്രഖ്യാപിച്ചിട്ടുള്ള ജയലളിത ബയോപിക് തായ്: പുരട്ചി തലൈവി ആണ്.
ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഗൗതം മേനോന്‍ ഒരു വെബ്‌സീരീസും ഒരുക്കുന്നുണ്ട്.് രമ്യ കൃഷ്ണന്‍ ആണ് വെബ്‌സീരീസില്‍ ജയലളിതയാകുന്നത്. മലയാളി താരം ഇന്ദ്രജിത്തും വെബ്‌സീരീസിന്റെ ഭാഗമാകുന്നുണ്ട്.