ജനുവരിയില്‍ നിര്‍ത്തിവച്ച ഇന്ത്യന്‍ 2 ചിത്രീകരണം അവസാനം പുനരാരംഭിച്ചു. സിനിമയുടെ സെറ്റില്‍ നിന്നെടുത്ത ഒരു ചിത്രം പ്രധാനകഥാപാത്രമായെത്തുന്ന രാകുല്‍ പ്രീത് സിംഗ് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ പുറത്തുവിട്ടു. കമലഹാസന്റെ സിനിമകരിയറിലെ അറുപതാണ്ടുകള്‍ ആഘോഷിക്കുന്ന ദിവസം തന്നെ സിനിമ വീണ്ടും തുടങ്ങാനായത് തികച്ചും അപ്രതീക്ഷിതം.
ഇന്ത്യന്‍ 2, കമലഹാസന്റെ 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന ക്ലാസിക് സിനിമയുടെ രണ്ടാംഭാഗമാണ്. ആദ്യഭാഗം ഒരുക്കിയ ശങ്കര്‍ തന്നെയാണ് രണ്ടാംഭാഗവും ഒരുക്കുന്നത്. കമല്‍ ആദ്യചിത്രത്തിലെ തന്റെ കഥാപാത്രം സേനാപതിയായി തന്നെയാണ് രണ്ടാംഭാഗത്തുമെത്തുന്നത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ആള് പിന്നീട് നാടിന്റെ കാവല്ക്കാരനായിത്തീരുന്നതാണ്.
അദ്ദേഹത്തോടൊപ്പം ഇന്ത്യന്‍ 2വില്‍ വലിയ താരനിര തന്നെയുണ്ട്. ബോളിവുഡ് ആക്ഷന്‍ താരം വിദ്യുത് ജംവാല്‍, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, ഐശ്വര്യ രാജേഷ്, എന്നിവര്‍.
ശങ്കര്‍ തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സംഭാഷണം ഒരുക്കിയിരിക്കുന്നത് ജയമോഹന്, കബിലന് വൈരമുത്തു, ലക്ഷ്മി ശരവണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. സംഗീതം അനിരുദ്ധ് രവിചന്ദര്‍, സിനിമാറ്റോഗ്രാഫര്‍ രവി വര്മ്മന്, എജിറ്റര് ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ മുത്തുരാജ് എന്നിവരാണ് അണിയറയിലുള്ളത്. ലൈക പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം സമ്മര്‍ റിലീസായി ചിത്രം തിയേറ്ററുകളിലേക്കെത്തും.