സുധ കൊംഗാര കോളിവിഡില് ഉന്നതങ്ങളിലേക്കെത്തുകയാണ്. അവരുടെ പുതിയ സിനിമ സൂര്യ നായകനായെത്തുന്ന സുരാരി പൊട്രു കോവിഡ് സാഹചര്യം അവസാനിക്കുന്നതോടെ റിലീസ് ചെയ്യാനിരിക്കുകയാണ്. വിജയ്ക്കൊപ്പം പുതിയ സിനിമയുടെ ചര്‍ച്ചയിലാണ് സംവിധായിക. അതേ സമയം, സുധ, തമിഴിലെ ലീഡിംഗ് സംവിധായകര്‍ക്കൊപ്പം ഒരു നെറ്റ്ഫ്ലിക്സ് ആന്തോളജിയ്ക്ക് സഹകരിക്കുന്നതായും വാര്‍ത്തകളുണ്ട്.
സുധ, വെട്രിമാരന്, ഗൗതം വാസുദേവ് മേനോന്, വിഘ്നേശ് ശിവന് എന്നിവരാണ് ആന്തോളജിയുടെ ഭാഗമാകുന്നത്. കൊലപാതകം എന്നത് പൊതുതീമായുള്ള ആന്തോളജിയാണ്. സുധയുടെ സിനിമയില്‍ കാളിദാസ് ജയറാം, ഭവാനി ശ്രീ, ശന്തനു ഭാഗ്യരാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ സംഗീതം ജസ്റ്റിന് പ്രഭാകരന് ഒരുക്കുന്നു. തമിഴില്‍ കാളിദാസിന്റെ മൂന്നാമത്തെ സിനിമയാണിത്. ഒരു പക്ക കഥൈ എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. സിനിമ റിലീസ് ചെയ്തിട്ടില്ല. മീന്‍ കുഴമ്പും മണ് പാനിയും എന്ന സിനിമയിലും താരം എത്തിയിരുന്നു.
വെട്രിമാരന് സിനിമയില്‍ സായി പല്ലവി, പ്രകാശ് രാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗൗതം വാസുദേവ് മേനോന്റെ സിനിമയില്‍ അശ്വിന് കാകുമനു എത്തുന്നു, ദര്‍ബുക ശിവ സംഗീതമൊരുക്കുന്നു. വിഘ്നേശ് ശിവന്റെ സിനിമയില്‍ അഞ്ജലി, ബോളിവുഡ് താരം കല്കി കൊച്ലിന്‍ എന്നിവരെത്തുന്നു.
പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സെപ്തംബറില്‍ ചിത്രം പ്രീമിയര്‍ നടത്തും.