പിറന്നാളാശംസകള്‍ സുരേഷ് ചേട്ടാ…

മലയാളത്തിന്റെ ആക്ഷന്‍സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി 61ാം പിറന്നാളാഘോഷിക്കുകയാണ്. താരത്തിനുള്ള പിറന്നാള്‍ സമ്മാനമായി അദ്ദേഹത്തിന്റെ പുതിയ സിനിമ കാവല്‍ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മാസ് കഥാപാത്രമായി സുരേഷ് ഗോപി തിരിച്ചെത്തുകയാണ് കാവല്‍ എന്ന സിനിമയിലൂടെ. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്നു. രഞ്ജി പണിക്കര്‍ സിനിമയില്‍ തുല്യ പ്രാധാന്യമുള്ള വേഷത്തിലെത്തുന്നു.

ജോബി ജോര്‍ജ്ജ് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ് ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമ ഇടുക്കി ഹൈറേഞ്ചില്‍ രണ്ട് വ്യത്യസ്ത കാലങ്ങളിലായി നടക്കുന്ന കഥയാണ് പറയുന്നത്. ആക്ഷന്‍ ഫാമില ഡ്രാമ വിഭാഗത്തിലുള്ള സിനിമയില്‍ പ്രധാന താരങ്ങളായ സുരേഷ് ഗോപിയും രഞ്ജി പണിക്കര്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്നു.സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര് തമ്പാന്‍ എന്നാണ്.

സയാ ഡേവിഡ്, അലന്‍സിയര്‍, ഐഎം വിജയന്‍, സുജിത് ശങ്കര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, സന്തോഷ് കീഴാറ്റൂര്‍, മുത്തുമണി, പത്മരാജ് രതീഷ് എന്നിവരും സഹതാരങ്ങളായെത്തുന്നു. 

Published by eparu

Prajitha, freelance writer