കായംകുളം കൊച്ചുണ്ണിയുടെ സൂപ്പര്‍ഹിറ്റ് വിജയത്തിനുശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പുതിയ സിനിമയുമായെത്തുകയാണ്. പുതിയ സിനിമയില്‍ ജോജു ജോര്‍ജ്ജ്, മഞ്ജു വാര്യര്‍, അനുശ്രീ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഉണ്ണി ആര്‍ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. സെപ്തംബര്‍ ആദ്യവാരത്തില്‍ പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.

പ്രധാനതാരങ്ങളില്‍ മഞ്ജു വാര്യര്‍ മാത്രം റോഷന്‍ ആന്‍ഡ്രൂസിനൊപ്പം നേരത്തെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ജോജു ജോര്‍ജ്ജും മഞ്ജു വാര്യരും നേരത്തെ ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസില്‍ ഇരുവരുമെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും മഞ്ജു വാര്യരുടെ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം ഒഴിവാകുകയായിരുന്നു. അതുപോലെ തന്നെ ഉണ്ണി ആറും റോഷന്‍ ആന്‍ഡ്രൂസും ആദ്യമായാണ് ഒന്നിക്കുന്നത്. എഴുത്തുകാരനും സംവിധായകനും മുമ്പ് പിരീയഡ് ഫ്‌ലിക് സിനിമ ദ പൈറേറ്റ്‌സ് ഓഫ് ഡീഗോ ഗാര്‍സിയ എന്ന സിനിമയില്‍ ഒന്നിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.

റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം താരങ്ങളേയും അണിയറപ്രവര്‍ത്തകരേയും പരിചയപ്പെടുത്തികൊണ്ട് ഉടന്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.

Published by eparu

Prajitha, freelance writer