പ്രശസ്ത സിനിമാതാരം സത്യന്റെ 48ാമത് ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ ബയോപിക് സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ജയസൂര്യ സിനിമയില്‍ സത്യന് മാഷിനെ അവതരിപ്പിക്കുമെന്നും അറിയിച്ചിരുന്നു. സിനിമ ഒരുക്കുന്നത് നവാഗതനായ രതീഷ് രഘുനന്ദന് ആണ്. സംവിധായകന് തന്നെ ബിടി അനില്‍കുമാര്‍, കെജി സന്തോഷ് എന്നിവരോടൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ വിജയ് ബാബു ആണ് സിനിമ നിര്‍മ്മിക്കുന്നത്.
സത്യന് ബയോപിക് അടുത്ത വര്‍ഷം മാത്രമേ ചിത്രീകരണം തുടങ്ങൂ. ജയസൂര്യ തന്റെ നിലവിലെ പ്രൊജക്ടുകള്‍ അവസാനിപ്പിച്ചതിനുശേഷം സത്യന് മാഷാവുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തും. മലയാളത്തിലെ ആദ്യകാല നായകനടന്മാരില് പ്രമുഖനായിരുന്നു സത്യന് മാഷ് എന്നറിയപ്പെട്ടിരുന്ന സത്യന്.
അഭിനയം വളരെ നാടകീയമായിരുന്ന മലയാളസിനിമയുടെ ആദ്യകാലത്ത് റിയലിസ്റ്റിക് ആയിട്ടുള്ള അഭിനയശൈലികൊണ്ട പേരെടുത്ത ആളായിരുന്നു സത്യന് മാസ്റ്റര്‍. രണ്ട് സംസ്ഥാനപുരസ്കാരങ്ങള്‍ സ്വന്തമാക്കിയ താരം 1951നും 1971നുമിടയില്‍ 100സിനികളിലധികം അഭിനയിച്ചു. നടനാവും മുമ്പെ സ്കൂള്‍ ടീച്ചറും. ആര്മിക്കാരനും. പോലീസ് ഓഫീസറുമായിരുന്നു മാസ്റ്റര്‍.
` ജയസൂര്യയെ പോലെയുള്ള ഒരു താരം സത്യന് മാസ്റ്ററെ വെള്ളിത്തിരയിലവതരിപ്പിക്കുമ്പോള് എങ്ങനെയുണ്ടാവുമെന്ന് കാത്തിരുന്ന് കാണാം. കഴിഞ്ഞ വര്‍ഷം അന്തരിച്ച ഫുട്ബോള്‍ ക്യാപ്റ്റന്‍ വി പി സത്യനെ ക്യാപ്റ്റന്‍ എന്ന സിനിമയില്‍ അവതരിപ്പിച്ചതും ജയസൂര്യ ആയിരുന്നു. ചിത്രത്തിലൂടെ താരം മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാര്‍ പുരസ്കാരം സ്വന്തമാക്കി. ഇത് കൂടാതെ മെട്രോ മാന്‍ ഇ ശ്രീധരന്റെ ബയോപികില്‍ ശ്രീധരനെ അവതരിപ്പിക്കുന്നതും ജയസൂര്യ ആണ്. വികെ പ്രകാശ് ഒരുക്കുന്ന സിനിമയ്ക്ക് രാമസേതു എന്നാണ് പേരിട്ടിരിക്കുന്നത്.