കഴിഞ്ഞ വര്‍ഷം സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി ഒരു സിനിമ ഒരുക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. 2403ft എന്ന് പേരിട്ടിരിക്കുന്ന സിനിമ 2018ലെ പ്രളയത്തിനിടയിലുണ്ടായ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരിക്കും ഒരുക്കുക. ജോണ്‍ മന്ത്രിക്കല്‍, ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങളുടെ സഹഎഴുത്തുകാരന്‍, ഒപ്പം ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി ചിത്രം നിര്‍മ്മിക്കുന്നു.

പുതിയതായി ചിത്രത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ ജൂഡ് വലിയ താരനിരയെ തന്നെ സിനിമയില്‍ എത്തിക്കുന്നുവെന്നതാണ്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ആസിഫ് അലി, ഇന്ദ്രജിത്, മഞ്ജു വാര്യര്‍, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.ജയസൂര്യ, മഞ്ജു വാര്യര്‍, ഇന്ദ്രന്‍സ് ഒഴികെ ബാക്കിയെല്ലാവരും വൈറസ് എന്ന നിപ്പവൈറസ് ആസ്പദമാക്കി ഒരുക്കിയ റിയല്‍ലൈഫ് സിനിമയുടെ ഭാഗമായിരുന്നു.

സംവിധായകന്‍ ജൂഡ് മുമ്പ് ഒരു അഭിമുഖത്തില്‍, തമിഴ് സിനിമയില്‍ നിന്നുമുളള പോപുലര്‍ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുമെന്നറിയിച്ചിരുന്നു. അതുകൊണ്ട് മുഴുവന്‍ താരങ്ങളേയും പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കാം. ഒരു വര്‍ഷത്തോളമായി അണിയറക്കാര്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. സിനിമാറ്റോഗ്രാഫര്‍ ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍ മഹേഷ് നാരായണന്‍, കമ്പോസര്‍ ഷാന്‍ റഹ്മാന്‍, സൗണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദ് ,ശ്രീശങ്കര്‍ എന്നിവരാണ് അണിയറയിലുള്ളത്.

സിനിമ വലിയ തോതിലുള്ള സിജി, സ്‌പെഷല്‍ എഫക്ട്‌സും ആവശ്യപ്പെടുന്നതിനാല്‍ ഹോളിവുഡ് ബേസ്ഡ് വിഎഫ്എക്‌സ് കമ്പനിയുമായുളള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Published by eparu

Prajitha, freelance writer