അന്തരിച്ച ഫുട്ബോള്‍ താരം വി പി സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റന്‍ എന്ന സിനിമയ്ക്ക കേരളചലച്ചിത്രപുരസ്കാരം സ്വന്തമാക്കിയ ശേഷം ജയസൂര്യ മറ്റൊരു ബയോപികിന്റെ ഭാഗമാകാനൊരുങ്ങുന്നു. മലയാളത്തിലെ പ്രശസ്ത താരം സത്യന്റെ ബയോപികാണിത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ബയോപികിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ സിനിമയെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല.
സത്യന് മാസ്റ്റര്‍ എന്ന് അറിയപ്പെട്ടിരുന്ന സത്യന് മലയാളസിനിമയിലെ ആദ്യകാല നായകരില്‍ ഒരാളാണ്. നടനം എന്നത് കൂടുതലും നാടകീയമായിരുന്ന കാലഘട്ടത്തില്‍ തന്റെ റിയലിസ്റ്റിക് അഭിനയം കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമായിരുന്നു ഇദ്ദേഹം. രണ്ട് സംസ്ഥാന പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് മാസ്റ്റര്‍. 1951മുതല്‍ 1971വരെ നൂറോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തച്ചോളി ഒതേനന്, ഓടയില്‍ നിന്ന്, ചെമ്മീന്‍, യക്ഷി, അനുഭവങ്ങള്‍ പാളിച്ചകള്‍, എന്നിവ പോപുലര്‍ സിനിമകളായിരുന്നു.
ജയസൂര്യ നിലവില്‍ ലില്ലി ഫെയിം പ്രശോഭ് വിജയന്റെ പുതിയ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളം എന്ന സിനിമയിലും ജയസൂര്യ കരാറൊപ്പിട്ടിട്ടുണ്ട്. പ്രജേഷ് സെന്‍ ക്യാപ്റ്റന്‍ ഫെയിം ആണ് വെള്ളം ഒരുക്കുന്നത്.