ജയറാം മലയാളത്തിലെ മുന്‍നിര നായകരില്‍ ഒരാളാണ്. മറ്റു ഭാഷകളിലും താരം സജീവമാണ്. തമിഴിലാണ് കൂടുതല്‍ ചെയ്യുന്നതെങ്കിലും തെലുഗിലും താരം സിനിമ ചെയ്യാറുണ്ട്. അനുഷ്ക ഷെട്ടി നായികയായെത്തിയ ഭാഗ്മതിയില്‍ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധ നേടിയിരുന്നു ജയറാം. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ജയറാം അല്ലു അര്‍ജ്ജുനൊപ്പം ത്രിവിക്രം ശ്രീനിവാസിന്റെ ചിത്രത്തിലെത്തുന്നു.
അല്ലു മുമ്പ് s/o സത്യമൂര്‍ത്തി, ജൂലൈ(മലയാളത്തില്‍ ഗജപോക്കിരി) എന്നീ സിനിമകളില്‍ സംവിധായകന് ത്രിവിക്രമിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ബോക്സോഫീസില്‍ വമ്പന്‍ വിജയങ്ങളായിരുന്നു രണ്ട് ചിത്രങ്ങളും. അതുകൊണ്ട് ഇരുവരുടേയും പുതിയ ചിത്രത്തിനും വന്‍ പ്രതീക്ഷയാണുള്ളത്. ജയറാമിന്റേ കഥാപാത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും പ്രധാന വേഷമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തു തന്നെ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
ജയറാം ഇപ്പോള്‍ മൈ ഗ്രേറ്റ് ഫാദര്‍ എന്ന അനീഷ് അന്‍വര്‍ ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ്. മാര്‍ക്കോണി മത്തായി, പട്ടാഭിരാമന് എന്നീ താരത്തിന്റെ സിനിമകള്‍ ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.