Categories
Film News

ജാസി ഗിഫ്റ്റ് തിരിച്ചെത്തുന്നു, ചിരി എന്ന സിനിമയില്‍ പാടാത്തോരും പാടും എന്ന ഗാനവുമായി

ലജ്ജാവതിയേ ഗാനവുമായി പ്രശസ്തിയിലേക്കെത്തിയ പാട്ടുകാരനാണ് ജാസി ഗിഫ്റ്റ്. 2004ല്‍ 4 ദ പ്യൂപ്പിള്‍ എന്ന സിനിമയ്ക്ക് വേണ്ടി ആലപിച്ച ഗാനം അദ്ദേഹത്തിന്റെ വ്യ്ത്യസ്തമായ ശബ്ദത്താലും സംഗീതത്താലും ഏറെ പ്രശസ്തി നേടി. ഗായകന്‍ വീണ്ടും ഗാനരംഗത്തേക്കെത്തുകയാണ് പാടാത്തോരും പാടും എന്ന ഗാനത്തിലൂടെ. ചിരി എന്ന സിനിമയ്ക്ക് വേണ്ടിയാണ് ജാസി ഗിഫ്റ്റ് പുതിയ ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോയുടെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്.അനീഷ് ഗോപാല്‍,കെവിന്‍ ജോസ് എന്നിവരും സിനിമയിലുണ്ട്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ഗാനം ഇറക്കിയിരിക്കുന്നത്. ജോയുടെ ആദ്യ സിനിമയാണിത്. പാടാത്തോരും പാടും കള്ള്ഷാപ്പിലെ ഗാനമാണ്. നാടന്‍പാട്ടിന്റെ ഈണത്തിലുളഅള ഒരു റിഥം നമ്പറാണ് ഗാനം.

സുരാജ് എസ് വാസുദേവ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ സന്തോഷ് വര്‍മ്മയുടേതാണ്. ജാസി ഗിഫ്റ്റ് സംഗീതം നല്‍കിയിരിക്കുന്നു,

ജോസഫ് പി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിരി ഡ്രീം ബോക്‌സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മുരളി ഹരിതം, ഹരീഷ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. ദേവദാസ് തിരക്കഥയും ജിന്‍സ് വിന്‍സണ്‍ സിനിമാറ്റോഗ്രാഫിയും ഒരുക്കിയിരിക്കുന്നു. സൂരജ് ഇഎസ് ആണ് എഡിറ്റിംഗ്. ജാസി ഗിഫ്റ്റ്, പ്രിന്‍സ് ജോര്‍ജ്ജ് എന്നിവരാണ് സംഗീതമൊരുക്കിയിരിക്കുന്നത്. വിനായക് ശശികുമാര്‍, സന്തോഷ് വര്‍മ്മ എന്നിവര്‍ വരികള്‍ ഒരുക്കിയിരിക്കുന്നു. റഷീദ് അഹമ്മദ് മേക്കപ്പ്, ഷാജി ചാലക്കുടി വസ്ത്രാലങ്കാരം എന്നിവരാണ് അണിയറയിലെ മറ്റുള്ളവര്‍.

റിപ്പോര്‍ട്ടുകളനുസരിച്ച് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി, പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിയേറ്ററുകളില്‍ നിലവിലെ കോവിഡ് സാഹചര്യം അവസാനിച്ച ശേഷം സിനിമയെത്തുമെന്നാണ് അറിയുന്നത്.