Categories
Film News

പാര്‍വ്വതിയും ഫഹദ് ഫാസിലും ടേക്ക് ഓഫ് ഫെയിം മഹേഷ് നാരായണന്റെ അടുത്ത ചിത്രത്തില്‍

എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണന്‍ ആദ്യമായി ഒരുക്കിയ ടേക്ക് ഓഫ് മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ വളരെയധികം റേറ്റിംഗ് നേടിയ സിനിമയായിരുന്നു. ഇറാഖിലെ തിക്രിത്ത് ഏരിയയില്‍ അകപ്പെട്ട ഒരു കൂട്ടം മലയാളി നഴ്‌സുമാരുടെ കഥയായിരുന്നു സിനിമ പറഞ്ഞത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമ നിരവധി അവാര്‍ഡുകള്‍ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും സ്വന്തമാക്കി. ഇന്ത്യയിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സംവിധായകന് സ്‌പെഷല്‍ ജൂറി പരാമര്‍ശവും ചിത്രം നേടികൊടുത്തു.

അന്നുമുതലേ സിനിമാപ്രേമികളെല്ലാവരും മഹേഷ് നാരായണന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ്. മുമ്പ് അദ്ദേഹം ദുല്‍ഖര്‍സല്‍മാനെ വച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും താരത്തിന്റെ തിരക്കുകള്‍ കാരണം നടന്നില്ല. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ തന്നെയാണ് തന്റെ അടുത്ത സിനിമയില്‍ പാര്‍വ്വതിയും ഫഹദ് ഫാസിലും മുഖ്യവേഷങ്ങള്‍ ചെയ്യുമെന്നറിയിച്ചത്.

ഫഹദും പാര്‍വ്വതിയും അദ്ദേഹത്തിന്റെ ആദ്യ സിനിമയുടേയും ഭാഗമായിരുന്നു. പാര്‍വ്വതി സിനിമയിലെ പ്രകടനത്തിന് അവാര്‍ഡ് നേടുകയും ചെയ്തു. ഇത്തവണ എന്തായിരുക്കും സംവിധായകന്‍ ഇവരിലൂടെ അവതരിപ്പിക്കുന്നതെന്ന് കാത്തിരുന്ന് കാണാം. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന സിനിമ ജൂലൈയില്‍ ചിത്രീകരണം തുടങ്ങും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ പ്രതീക്ഷിക്കാം.