നിവിന്‍ പോളി സംവിധായകന് രാജീവ് രവിക്കൊപ്പം തുറമുഖം എന്ന സിനിമയിലെത്തുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തു. സിനിമയില്‍ വലിയ ഒരു താരനിര തന്നെയുണ്ട്. നിവിന്‍ പോളി, ബിജു മേനോന്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്, അര്ജ്ജുന് അശോകന്, പൂര്‍ണിമ ഇന്ദ്രജിത്, മണികണ്ഠന് ആചാരി എന്നിങ്ങനെ. ഇതാദ്യമായാണ് ഈ താരങ്ങളെല്ലാം ഒരുമിച്ചെത്തുന്നത്. മലയാളി പ്രേക്ഷകര്‍ക്ക് നല്ലൊരു വിരുന്നുതന്നെയാവും സിനിമയെന്നു തീര്‍ച്ച.
പേരു പോലെ തന്നെ തുറമുഖം, തീരദേശജനതയുടെ കഥയാണ് പറയുന്നത്. 1950കളിലെ കൊച്ചി കടപ്പുറത്തെ ജനജീവിതവും അവിടുത്തെ ചാപ്പ സമ്പ്രദായത്തിനെതിരായി നടന്ന പോരാട്ടവും മറ്റുമാണ് സിനിമയ്ക്ക് ആസ്പദമാകുന്നതെന്നാണ് വാര്‍ത്തകള്‍.
തുറമുഖം എന്ന പേരില്‍ കെ എം ചിദംബരം മുമ്പ് നാടകം എഴുതിയിരുന്നു. അദ്ദഹത്തിന്റെ മകന് ഗോപന് ചിദംബരം ആണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. രാജീവ് രവി നാടകത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ എടുക്കുന്നതെന്നാണ് കരുതുന്നത്. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയ്ക്ക് രാജീവ് രവിയും ഗോപന് ചിദംബരവും ചേര്‍ന്നായിരുന്നു തിരക്കഥ ഒരുക്കിയത്.
മുഖ്യകഥാപാത്രങ്ങളെല്ലാം അവരുടെ ഇപ്പോഴത്തെ തിരക്കുകള്‍ തീര്‍ത്തുകഴിഞ്ഞ് തുറമുഖം ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.