Categories
Film News

തലനാരിഴ ഇന്ദ്രജിത് ലൂസിഫര്‍ എഡിറ്റര്‍ ശ്യാംജിത് മുഹമ്മദിന്റെ ആദ്യ സംവിധാനസംരംഭത്തില്‍

ഇന്ദ്രജിത് സുകുമാരന്‍ 2018ല്‍ മോഹന്‍ലാല്‍ മാത്രമാണ് റിലീസ് ചെയ്തത്.എന്നാല്‍ പുതുവര്‍ഷത്തില്‍ താരത്തിന് കൈനിറയെ സിനിമകളാണ്. ഒരു പാടു വലിയ പ്രൊജക്ടുകളുടെ ഭാഗമായി ഇന്ദ്രജിത് എത്തുന്നു. അതില്‍ ലൂസിഫര്‍ കഴിഞ്ഞ ആഴ്ച അവസാനം റിലീസ് ചെയ്തു. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ ഒരുപോലെ പ്രശംസ നേടിയ ഒരു കാമിയോ റോള്‍ ആയിരുന്നു താരത്തിന് അനുജന്‍ പൃഥ്വിരാജിന്റെ ആദ്യസംവിധാനസംരംഭത്തില്‍. കൂടാതെ ആഷിഖ് അബുവിന്റെ വൈറസ്, രാജീവ് രവിയുടെ തുറമുഖം, പുതുമുഖം കിരണ്‍ പ്രഭാകരന്‍ ഒരുക്കുന്ന താക്കോല്‍ എന്നിവയുമുണ്ട്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന വെബ്‌സീരീസിലും താരം എത്തുന്നു.

ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ താരം പുതിയ സിനിമയ്ക്ക് സൈന്‍ ചെയ്തുവെന്നാണ്. തലനാരിഴ എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരുക്കുന്നത് ലൂസിഫര്‍ സിനിമയുടെ എഡിറ്റര്‍ ശ്യാംജിത് മുഹമ്മദ് ആണ്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണിത്. ലിംഗ, പുതിയമുഖം, ഹീറോ, 1971 ബിയോണ്ട് ബോഡേഴ്‌സ് എന്നീ സിനിമകളും ഇദ്ദേഹമായിരുന്നു എഡിറ്റിംഗ്.

വളരെ നല്ല തിരക്കഥയുള്ള ഒരു ത്രില്ലര്‍ സിനിമയാണ് തലനാരിഴ എന്നാണ് ഇന്ദ്രജിത്തിന്റെ അഭിപ്രായം. 27വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പഴയകാല നായിക ജലജ തിരികെയെത്തുകയാണ് ഈ ചിത്രത്തിലൂടെ. എഴുപതുകളിലും എണ്‍പതുകളിലേയും മുന്‍നിര നായികയായിരുന്നു ജലജ. ഉള്‍ക്കടല്‍, ചാകര, വേനല്‍, യവനിക, ചില്ല് , പെരുന്തച്ചന്‍ തുടങ്ങിയ നല്ല കുറെ സിനിമകളുടെ ഭാഗമായിരുന്നു താരം.

വരും ദിനങ്ങളില്‍ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.