ദുല്‍ഖര്‍ സല്മാന് പ്രധാനകഥാപാത്രമായെത്തുന്ന കുറുപ്പ് സിനിമ അവസാനം ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. പാലക്കാട് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ശ്രീനാഥ് രാജേന്ദ്രന്, കൂതറ, സെക്കന്റ് ഷോ ഫെയിം സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കെഎസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ കഥയാണ് സിനിമ പറയുന്നത്.
ദുല്‍ഖര്‍ സല്മാന് ടൈറ്റില്‍ കഥാപാത്രമായെത്തുന്ന സിനിമയില്‍ സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരുമെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിനെ സംബന്ധിച്ചുളള പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ഇന്ദ്രജിത് സുകുമാരന്‍ പ്രധാന വേഷത്തിലെത്തുന്നു. വാര്‍ത്തകള്‍ വിശ്വാസ്യയോഗ്യമാണെങ്കില്‍ ആദ്യമായിട്ടാണ് ഇന്ദ്രജിത്തും ദുല്‍ഖറും ഒരുമിക്കുന്നത്.
ഇന്ദ്രജിത് നിലവില്‍ രാജീവ് രവിയുടെ മള്‍ട്ടി സ്റഅറാര് ചിത്രം തുറമുഖം, കിരണ്‍ പ്രഭാകരന്റെ താക്കോല്‍, ബിബിന്‍ പോള്‍ സാമുവല്‍ ചിത്രം ആഹാ, ലൂസിഫര്‍ എഡിറ്റര്‍ സാംജിത് മുഹമ്മദിന്റെ ആദ്യസംവിധാനസംരംഭം തലനാരിഴ എന്നിവയുടെ ഭാഗമാകുന്നു. കൂടാതെ സംവിധായകന് ഗൗതം മേനോന് ഒരുക്കുന്ന വെബ്സീരീസിലും താരമെത്തുന്നു. ഈ വര്‍ഷം റിലീസ് ചെയ്യുന്ന വെബ് സീരീസ് അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. ഇന്ദ്രജിത് സീരീസില്‍ എംജിആറായാണെത്തുന്നത്.