പ്രശസ്ത സംവിധായകന് ജയരാജിന്റെ നവരസ സീരീസിലെ അടുത്ത ചിത്രത്തിന്റെ വര്‍ക്കുകളിലാണ് സംവിധായകന്. ഹാസ്യം എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഹരിശ്രീ അശോകന് നായകനായെത്തും. ബാലതാരം എറിക് അനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, വിനോദ് ഇളമ്പള്ളി ക്യാമറ ഒരുക്കുന്നു. ചിത്രീകരണം കോട്ടയത്ത് പുരോഗമിക്കുകയാണ്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.
സംവിധായകന് ജയരാജ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തുടര്‍ച്ചയായി സിനിമകളൊരുക്കുകയാണ്. ബാക്ക്പാക് എന്ന പേരില്‍ കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കിയ സിനിമയാണ് ഏറ്റവും പുതിയത്. നവരസ സീരീസിലെ എട്ടാമത്തെ സിനിമയാണ് ഹാസ്യം. ശാന്തം, കരുണം, ബീഭത്സം, വീരം,ഭയാനകം,രൗദ്രം എന്നിവയായിരുന്നു മറ്റു സിനിമകള്‍. ഇവയില്‍ ഭയാനകം, രൗദ്രം എന്നിവ വളരെ ശ്രദ്ധിക്കപ്പെട്ട സിനിമകളായി. ഭയാനകം, മികച്ച സംവിധാനത്തിനും, മികച്ച തിരക്കഥയ്ക്കുമുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു.
ജയരാജ് തന്റെ 1992ലെ സൂപ്പര്‍ഹിറ്റ് സിനിമ ജോണിവാക്കറിന് സ്വീക്കല്‍ ഒരുക്കാനും പ്ലാന്‍ ചെയ്യുന്നുണ്ട്. മമ്മൂട്ടി നായകനായെത്തിയ സിനിമ 90കളിലെ ട്രന്റ്സെറ്ററായിരുന്നു.ഔദ്യോഗികപ്രഖ്യാപനം വന്നിട്ടില്ല.