Categories
Film News

ഹലാൽ ലവ് സ്റ്റോറിക്ക് ശേഷം സക്കറിയ മമ്മൂക്കയ്ക്കൊപ്പം

സുഡാനി ഫ്രം നൈജീരിയ ഫെയിം സക്കറിയയുടെ പുതിയ സിനിമ ഹലാൽ ലവ് സ്റ്റോറി ആമസോൺ പ്രൈമിലൂടെ റിലീസിനൊരുങ്ങുകയാണ്. അടുത്തിടെ സംവിധായകൻ ഒരു അഭിമുഖത്തിൽ അറിയിച്ചത് പുതിയ സിനിമ മമ്മൂക്കയ്ക്കൊപ്പമാവുമെന്നാണ്. സിനിമയ്ക്കായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കോവിഡ് സാഹചര്യം മെച്ചപ്പെട്ട ശേഷം മാത്രമായിരിക്കും കാര്യങ്ങൾ തീരുമാനിക്കുക.

സക്കറിയ 2018ൽ ഹിറ്റ് ചിത്രം സുഡാനി ഫ്രം നൈജീരിയ ഒരുക്കികൊണ്ട് സംവിധാനത്തിലേക്കെത്തി. ചിത്രം മലയാളത്തിലെ മികച്ച ഫീച്ചർ സിനിമയ്ക്കുള്ള ദേശീയപുരസ്കാരവും സംസ്ഥാനതലത്തിൽ അഞ്ച് പുരസ്കാരങ്ങളും സ്വന്തമാക്കി. നിരൂപക പ്രശംസ നേടിയ സിനിമ വാണിജ്യതലത്തിലും വിജയമായിരുന്നു.

സക്കറിയയുടെ രണ്ടാമത്തെ സിനിമ ഹലാൽ ലവ് സ്റ്റോറിയിൽ ഇന്ദ്രജിത്, ഗ്രേസ് ആൻറണി, ഷറഫുദ്ദീൻ, ജോജു ജോർജ്ജ്, എന്നിവർക്കൊപ്പം പാർവ്വതി,സൗബിൻ ഷഹീർ എന്നിവരുമെത്തുന്നു. ചിത്രം ഒക്ടോബർ 15ന് ആമസോണിലൂടെ റിലീസ് ചെയ്യുകയാണ്.