Categories
Film News

ഗോകുല്‍ സുരേഷ് പത്മകുമാറിനൊപ്പം, തമിഴ് മലയാളം ദ്വിഭാഷ ചിത്രത്തില്‍

സംവിധായകന്‍ എം പത്മകുമാറിന്റെ അടുത്തിടെ റിലീസ് ചെയ്ത ജോസഫ് വന്‍വിജയമായിരുന്നു. ജോജു ജോര്‍ജ്ജ് നായകനായെത്തിയ സിനിമ പ്രേക്ഷകര്‍ക്കിടയിലും നിരൂപകര്‍ക്കിടയിലും ഒരു പോലെ ഹിറ്റായി. സംവിധായകന്‍ ഇപ്പോള്‍ മാമാങ്കം എന്ന മമ്മൂട്ടിയുടെ ചരിത്രസിനിമയുടെ ചിത്രീകരണത്തിലാണ്. മാമാങ്കത്തിന് ശേഷം സംവിധായകന്‍ മലയാളത്തിലും തമിഴിലും ഒരേ സമയം എടുക്കുന്ന സിനിമയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിപ്പോര്‍ട്ടുകള്‍ ശരിയാവുകയാണെങ്കില്‍ അപ്പവും വീഞ്ഞും എന്ന സിനിമ സംവിധാനം ചെയ്ത വിശ്വന്‍ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ഗോകുല്‍ സുരേഷ് ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രമായെത്തും. തമിഴില്‍ നിന്നും മൈന ഫെയിം വിദാര്‍ത്ഥും സമുദ്രക്കനിയും സിനിമയുടെ ഭാഗമാകും. കോയമ്പത്തൂരില്‍ ചിത്രീകരിക്കുന്ന ഒരു ത്രില്ലര്‍ സിനിമയാകുമിതെന്നാണ് വാര്‍ത്തകള്‍. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

ഗോകുല്‍ സുരേഷിന്റെ അടുത്ത് റിലീസ് ചെയ്യാനിരിക്കുന്ന സിനിമ സൂത്രക്കാരന്‍ ആണ്. സിനിമയില്‍ ഗോകുലിനൊപ്പം മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജുമുണ്ട്. അനില്‍ ആര്‍ രാജ് സംവിധാനം ചെയ്യുന്ന സിനിമ ഒരു കുടുംബചിത്രമാണ്. ഗോകുലിന്റെ മറ്റു സിനിമകള്‍ സായാഹ്നവാര്‍ത്തകള്‍, ഉള്‍ട്ട, ഇളയരാജ എന്നിവയാണ്. കൂടാതെ സഞ്ജിത് ചന്ദ്രസേനന്റെ പേരിട്ടിട്ടില്ലാത്ത സിനിമയുമുണ്ട്.