ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ എത്തുന്ന ആദ്യ മലയാള സിനിമ മൂത്തോന് വേള്‍ഡ് പ്രീമിയര്‍ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ നടക്കും. സെപ്തംബര്‍ 5മുതല്‍ 15വരെയാണ് ഇത്തവണത്തെ ഫെസ്റ്റിവല്‍ നടക്കുന്നത്. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഓപ്പണിംഗ് സിനിമയായും മൂത്തോന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 17 മുതല്‍ 24വരെയാണ് ഫെസ്റ്റിവലിന്റെ 20ാമത്തെ എഡിഷന് നടക്കുക.
ഫെസ്റ്റിവല്‍ സ്ക്രീനിംഗിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ അടുത്തതായി ഗീതു ഒരു ഗാങ്സ്റ്റര്‍ സിനിമ പ്ലാന്‍ ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ സംവിധായിക തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നടിയും സംവിധായികയുമായ ഗീതു ഇതിനോടകം തന്നെ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൂത്തോന് തിയേറ്റര്‍ റിലീസിനു ശേഷം പുതിയ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനിരിക്കുകയാണ്.
ഗീതു മോഹന്‍ദാസിന്റെ ആദ്യസംവിധാനസംരംഭം ലയേഴ്സ് ഡൈസ്്, 2014ല്‍ റിലീസ് ചെയ്ത ചിത്രം നിരവധി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ സ്ക്രീനിംഗ് നടത്തുകയും നല്ല പ്രതികരണങ്ങള്‍ നേടുകയും ചെയ്തിരുന്നു. 87ാമത് അക്കാഡമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയും ഈ ചിത്രമായിരുന്നു. അതിനുശേഷമെത്തുന്ന മൂത്തോന് വളരെ ആകാംക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്.