Categories
Film News

ദളപതി 64 കേരളത്തിലെ വിതരണാവകാശം ഫോര്‍ച്ച്യൂണ്‍ ഫിലിംസ് സ്വന്തമാക്കി

വിജയുടെ പുതിയ സിനിമ സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്നത് ദളപതി 64 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ ചിത്രീകരണം ഏതാണ്ട് പകുതിയായപ്പോഴേക്കും തന്നെ ബിസിനസ് ഡീലുകള്‍ തുടങ്ങികഴിഞ്ഞു. അടുത്തിടെ സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് സണ്‍ ടിവി റെക്കോര്‍ഡ് തുകയ്ക്ക സ്വന്തമാക്കിയിരുന്നു. പുതിയതായി വരുന്ന വാര്‍ത്തകള്‍ സിനിമയുടെ കേരളത്തിലെ വിതരണാവകാശം ഫോര്‍ച്ച്യൂണ്‍ ഫിലിംസിന്റെ ഷഫീല്‍ 6കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്നതാണ്. വിജയുടെ പുതിയ റിലീസ് ബിജിലിന്റെ വമ്പന്‍ വിജയമാണ് ഇത്രയും വലിയ തുകയ്ക്ക് വിതരണാവകാശം വില്‍ക്കാനിടയാക്കിയത്.

ദളപതി 64ല്‍ വിജയ് സേതുപതിയാണ് വില്ലന്‍വേഷത്തിലെത്തുന്നത്. കൈതി ഫെയിം അര്‍ജ്ജുന്‍ ദാസ്, ആന്‍ഡ്രിയ ജെറെമിയ, മാളവിക മോഹനന്‍, ശന്തനു ഭാഗ്യരാജ്, ഗൗരി കിഷന്‍, രമ്യ സുബ്രഹ്മണ്യന്‍ എന്നിവരും ചിത്രത്തിലെത്തുന്നു. അടുത്തിടെ ന്യൂഡല്‍ഹിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. അടുത്തതായി കര്‍ണ്ണാടകയിലെ ഷിമോഗയിലാണ് ചിത്രീകരണം. ഡിസംബര്‍, ജനുവരി പകുതിയോളം അവിടെ ചിത്രീകരിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

സംവിധായകന്‍ ലോകേഷ് കനകരാജ് വിജയുടെ സാധാരണ മാസ് മസാല പടങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും പുതിയ സിനിമയെന്ന് അറിയിച്ചിരുന്നു. ലോകേഷ് പൊന്‍ പാര്‍ത്ഥിപന്‍, ആടൈ സംവിധായകന്‍ രത്‌നകുമാര്‍ എന്നിവരുമായി ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. വിജയ് സിനിമയില്‍ കോളേജ് പ്രൊഫസര്‍ ആയാണെത്തുന്നത്.

അണിയറയില്‍ സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍, സിനിമാറ്റോഗ്രാഫി സത്യന്‍ സൂര്യന്‍. സേവിയര്‍ ബ്രിട്ടോ നിര്‍മ്മിക്കുന്ന സിനിമ 2020ല്‍ സമ്മര്‍ റിലീസായെത്തും.