Categories
Film News trailer

ഫോറന്‍സിക് ട്രയിലര്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നു

ടൊവിനോ തോമസിന്റെ പുതിയ സിനിമ ഫോറന്‍സിക് ട്രയിലര്‍ കഴിഞ്ഞ ദിവസം കൊച്ചി ലുലുമാളില്‍ വച്ച ചടങ്ങില്‍ അവതരിപ്പിച്ചു. ടൊവിനോയ്‌ക്കൊപ്പം ഇവന്റില്‍ മംമ്ത മോഹന്‍ദാസ്, റേബ മോണിക ജോണ്‍ എന്നിവരും പങ്കെടുത്തു. ഓണ്‍ലൈനില്‍ റിലീസ് ചെയ്ത ട്രയിലറിന് വന്‍ വരവേല്പാണ് ലഭിച്ചിരിക്കുന്നത്. ഒരു സീരിയല്‍ കില്ലറിനായുള്ള ത്രില്ലിംഗ് ഹണ്ടിന്റെ എല്ലാ സൂചനകളും ട്രയിലര്‍ നല്‍കുന്നു.

അഞ്ചാംപാതിരയുടെ മികച്ച വിജയത്തിന് ശേഷം നന്നായി ഒരുക്കുന്ന ത്രില്ലര്‍ സിനിമകള്‍ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ലാതായി. ഫോറന്‍സിക് അത്തരമൊരു സിനിമയായിരിക്കും. നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന സിനിമയാണിത്. ടൊവിനോ തോമസ് സിനിമയില്‍ മെഡികോ ലീഗല്‍ അഡൈ്വസര്‍ ആയെത്തുന്നു. കേരളപോലീസിന്റെ ഫോറന്‍സിക് സയന്‍സ് ലാബില്‍ ജോലി ചെയ്യുന്നു. മംമ്ത മോഹന്‍ദാസ് നായികയായെത്തുന്നു. ഐപിഎസ് ഓഫീസറായാണ് താരം ചിത്രത്തിലെത്തുന്നത്.

റേബ മോണിക, സൈജു കുറുപ്പ്, ജിജു ജോണ്‍, ലില്ലി ഫെയിം ധനേഷ് ആനന്ദ്, രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അന്‍വര്‍ ഷരീഫ്, അനില്‍ മുരളി എന്നിവരും സിനിമയുടെ ഭാഗമാകുന്നു. ഫോറന്‍സിക് നിര്‍മ്മിച്ചിരിക്കുന്നത് നേവിസ് സേവിയര്‍, സിജു മാത്യു എന്നിവര്‍ ചേര്‍ന്ന് ജൂവിസ് പ്രൊഡക്ഷന്‍സ്, രാജു മല്ലിയത്ത് രാഗം മൂവീസ് ബാനറുകളിലാണ്.