പ്രശസ്ത സംവിധായകന് ഫാസില്‍ ഏറെ നാളായി ഇന്‍ഡസ്ട്രിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. സംവിധായകനല്ലാതെ നടനായി പൃഥ്വിരാജിന്റെ സിനിമ ലൂസിഫറിലൂടെ ഫാസില്‍ ഒരു തിരിച്ചുവരവു നടത്തിയിരുന്നു. ഫാദര്‍ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് അദ്ദേഹം സിനിമയിലെത്തിയത്. ചെറിയ വേഷമായിരുന്നുവെങ്കിലും പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു.
അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ മമ്മൂട്ടിയുടെ കൂടെ തിരിച്ചുവരവുണ്ടാവുമെന്നുണ്ടായിരുന്നു. സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ട് തിരക്കഥ ഒരുക്കുമെന്നുമാണുണ്ടായിരുന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകളെല്ലാം അടിസ്ഥാനമില്ലാത്തവയാണെന്ന് ഫാസില്‍ അറിയിച്ചിരുന്നു. എന്നാല്‍ തന്റെ മകന് ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ സിനിമ ആസൂത്രണം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.
2002ല്‍ ഫാസില്‍ ആണ് മകന് ഷാനുവിനെ തന്റെ കയ്യെത്തുംദൂരത്ത് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിച്ചത്. സിനിമ വന്പരാജയമായിത്തീരുകയും ഫഹദ് സിനിമ വിട്ടു പോവുകയും ചെയ്തു. എന്നാല്‍ സിനിമയിലെ തിരികെയെത്തിയത് സ്റ്റൈലായിട്ടായിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു ഫഹദിന്റെ തിരിച്ചുവരവില്‍. ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും തിരക്കുള്ള നായകനടന്മാരില് ഒരാളാണ് ഫഹദ്. ഫാസില്‍ ഇ്ത്തവണ മകനെ എങ്ങനെ സംവിധാനം ചെയ്യുമെന്ന് കാത്തിരിക്കാം. ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന മകന്റെ അടുത്ത ചിത്രം നിര്‍മ്മിക്കുന്നതും ഫാസിലാണ്.