ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ജോജി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ഫഹദ് ഫാസിൽ നായകനാകുന്നു. വില്യം ഷേക്സ്പിയറിന്റെ പ്രശസ്ത നാടകം മാക്ബത്തിനെ ആസ്പദമാക്കിയാണ് ശ്യാംപുഷ്കരൻ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ദിലീഷ്- ശ്യാം പുഷ്കരൻ കൂട്ടുകെട്ടിന്റെ നിർമ്മാണ കമ്പനി വർക്കിംഗ് ക്ലാസ് ഹീറോ,ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സ് ബാനറിനൊപ്പം സിനിമ നിർമ്മിക്കുന്നു. കഴിഞ്ഞ വർഷം ബാനര്‍ നിർമ്മിച്ച ഹിറ്റ് സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്.
ജോജി സിനിമാറ്റോഗ്രഫി ഷൈജു ഖാലിദ്, സംഗീതം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ഫെയിം ജസ്റ്റിൻ എഡിറ്റർ കിരൺ ദാസ്, എന്നിവരാണ് അണിയറയിലെ പ്രമുഖർ. ഈ വർഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് അണിയറക്കാർ.
തങ്കം എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ഒരുമിക്കാനിരുന്നതാണ്. തീരം ഫെയിം സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ശ്യാം പുഷ്കരൻ ഒരുക്കുന്നു. ഫഹദ്, ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. 2020 പകുതിയോടെ ചിത്രീകരണം തുടങ്ങാനിരുന്നതായിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് വൈകുകയായിരുന്നു. കേരളത്തിന് പുറത്താണ് സിനിമയുടെ ചിത്രീകരണമെന്നതിനാൽ തത്കാലം നിർത്തിവച്ചിരിക്കുകയാണിപ്പോൾ.