ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ചിത്രീകരണം തുടരുകയാണ്. ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിലെ കുപ്രസിദ്ധ ക്രിമിനല്‍ സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. പുതുവത്സരദിനത്തില്‍ അണിയറക്കാര്‍ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ദുല്‍ഖര്‍ എത്തുന്ന പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. സിനിമയില്‍ താരം വ്യത്യസ്ത ലുക്കുകളിലെത്തുന്നു.
ദുല്‍ഖറിന്റെ സ്വന്തം ബാനര്‍ വെഫാറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എം സ്റ്റാര്‍സുമായി അസോസിയേറ്റ് ചെയ്താണ് നിര്‍മ്മിക്കുന്നത്. ഈദ് സീസണില്‍ മെയ് 23ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.
ദുല്‍ഖറിനൊപ്പം കുറുപ്പ സിനിമയില്‍ ഇന്ദ്രജിത് സുകുമാരന്‍, ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, ശോഭിത ദുലിപാല, ഷൈന്‍ ടോം ചാക്കോ എന്നിവരുമെത്തുന്നു. ജിതിന് കെ ജോസ് കഥ എഴുതിയ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കെഎസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. നിമിഷ രവി ലൂക ഫെയിം ക്യാമറയും, സുശിന്‍ ശ്യാം സംഗീതവുമൊരുക്കുന്നു.