Categories
Film News

ദുല്‍ഖര്‍ സല്‍മാന്റെ സുകുമാര കുറുപ്പ് ചിത്രീകരണം ആരംഭിക്കുന്നു

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സുകുമാരകുറുപ്പ് പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷത്തോളമായി. കേരളത്തില്‍ ഇന്നുവരെയുണ്ടായവയില്‍ ഏറ്റവും യാഥാര്‍ത്ഥ്യമായ കഥാപാത്രം. സെക്കന്റ് ഷോ, കൂതറ എന്നീ സിനിമകളുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ റിസര്‍ച്ചുകള്‍ കോര്‍ത്തിണക്കി കെ എസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സംവിധായകന്‍ തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ സിനിമ ചിത്രീകരണം തുടങ്ങാന്‍ പോവുന്ന വിവരം അറിയിക്കുകയായിരുന്നു.

ജൂണ്‍ 2017ല്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍ അണിയറക്കാര്‍ എങ്ങനെയാവും ഇങ്ങനെയൊരു നൊട്ടോറിയസ് ക്രിമിനലിന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുക എന്നതും ചര്‍ച്ചയായിരുന്നു. ദുല്‍ഖര്‍ പിന്നീട് അറിയിച്ചിരുന്നു, സിനിമ ഒരിക്കലും സുകുമാര ക്കുറുപ്പിനെ ന്യായീകരിക്കാനോ നല്ലവനാക്കാനോ ഉദ്ദേശിക്കുന്നില്ലയെന്ന്.

ചാക്കോ എന്ന വ്യക്തിയെ ചതിയിലൂടെ കൊലപ്പെടുത്തുകയും ബോഡി കാറിലിട്ട് കത്തിക്കുകയും ചെയ്യുകയാണ് സുകുമാരക്കുറുപ്പ് ചെയ്തത്. 8ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി കുറുപ്പ് ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു അത്. സംഭവത്തിന് ശേഷം നാടുവിട്ട കുറുപ്പിനെ ഇതുവരെയും ആരും കണ്ടെത്തിയിട്ടില്ല. കേരളത്തിലെ ജുഡീഷ്യല്‍ ചരിത്രത്തിലെ ഇത്രയും നീണ്ടുനിന്ന കേസ് വേറെയില്ല എന്നുവേണം പറയാന്‍.