Categories
Film News

ദുല്‍ഖറിന്റെ കുറുപ്പ്‌ റിലീസ്‌ തീയ്യതി അറിയിച്ചു

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനകഥാപാത്രമായെത്തുന്ന ശ്രീനാഥ്‌ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ്‌ പ്രേക്ഷകരിലേക്കെത്തുകയാണ്‌. അഞ്ച്‌ ഭാഷകളിലായെത്തുന്ന കുറുപ്പ്‌ സിനിമ തിയേറ്ററിലൂടെയാണ്‌ റിലീസ്‌ ചെയ്യുന്നത്‌.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ്‌ ചെയ്യുന്നതിന്‌ വന്‍ഓഫറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ റിലീസ്‌ വേണ്ടെന്ന്‌ വച്ച്‌ ചിത്രം മെയ്‌ 28ന്‌ തിയേറ്ററുകളില്‍ റിലീസ്‌ ചെയ്യുകയാണ്‌.

ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയാണിത്‌. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ഹൗസ്‌ വേഫാറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌സും ചേര്‍ന്നാണ്‌ സിനിമ നിര്‍മ്മിക്കുന്നത്‌. കേരളം, അഹമ്മദാബാദ്‌, ബോംബെ, ദുബായ്‌, മാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറുമാസം നീണ്ട ചിത്രീകരണമായിരുന്നു. 105ദിവസങ്ങളെടുത്താണ്‌ ചിത്രീകരണം പൂര്‍ത്തിയാക്കിയത്‌.

കേരളത്തിലെ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കുന്ന സിനിമയാണിത്‌. ജിതിന്‍ കെ ജോസ്‌ കഥ ഒരുക്കിയിരിക്കുന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്‌ ഡാനിയല്‍ സായൂജ്‌ നായരും കെ എസ്‌ അരവിന്ദും ചേര്‍ന്നാണ്‌. നിമിഷ രവി ഛായാഗ്രഹണം, സുശിന്‍ ശ്യാം സംഗീതം ഒരുക്കിയിരിക്കുന്നു. വിവേക്‌ ഹര്‍ഷന്‍ എഡിറ്റിംഗും, ബംഗ്ലാന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു.

ശോഭിത ദുലിപാലയാണ്‌ ചിത്രത്തിലെ നായിക. ഇന്ദ്രിജിത്‌, സണ്ണി വെയ്‌ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്‌മി, ശിവജിത്‌ പദ്‌മനാഭന്‍ എന്നിവരും ചിത്രത്തിലുണ്ട്‌.