Categories
Film News

ദുൽഖർ സൽമാൻ അഭിലാഷ് ജോഷിയുടെ ആ​ദ്യ സംവിധാനസംരംഭത്തിലെത്തുന്നു

പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി ഒരുക്കുന്ന സിനിമയിൽ ദുൽഖർ സൽമാൻ പ്രധാനകഥാപാത്രമാകുന്നു. ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസ് തിരക്കഥ എഴുതിയ അഭിലാഷ് എൻ ചന്ദ്രൻ തന്നെയാണ് പുതിയ സംവിധാനസംരംഭത്തിനും തിരക്കഥ ഒരുക്കുന്നത്. ദുൽഖറിന്റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് തന്നെയാണ് സിനിമ നിർമ്മിക്കുന്നത്.

സിനിമയുടെ ഔദ്യോ​ഗിക പ്രഖ്യാപനം ഉടനുണ്ടാവും. അതേസമയം അഭിലാഷ് പുതിയ സിനിമ പാപ്പനിൽ അച്ഛൻ ജോഷിയെ അസിസ്റ്റ് ചെയ്യുന്നു. സുരേഷ് ​ഗോപി, ​ഗോകുൽ സുരേഷ്, നൈല ഉഷ, നീത പിള്ള, സണ്ണി വെയ്ൻ എന്നിവർ സിനിമയിൽ പ്രധാനകഥാപാത്രങ്ങളാകുന്നു.

ദുൽഖർ സൽമാൻ നിലവിൽ സല്യൂട്ട് ചിത്രീകരണത്തിലാണ്. റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് ത്രില്ലർ ചിത്രമാണിത്. തെലു​ഗിലും ഹിന്ദിയിലും താരത്തിന്റെ നിരവധി പ്രൊജക്ടുകൾ വരാനിരിക്കുന്നു. തെലു​ഗ് സംവിധായകൻ ഹാനു രാഘവപുടിയുടെ റൊമാന്റിക് പിരീയഡ് ഡ്രാമയിൽ ദുല‍്‍ഖർ നായകനാകുന്നു. സൂപ്പർ 30 ഫെയിം മൃണാൽ താക്കുർ ചിത്രത്തിൽ നായികയാകുന്നു. പാഡ്മാൻ സംവിധായകൻ ആർ ബൽകിയുടെ പുതിയ സിനിമയിലും ദുൽഖറെത്തുന്നു.

തമിഴിൽ ദുൽഖറിന്റെ ഹേയ് സിനാമിക പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. അതിഥി റാവു ഹൈദാരി, കാജൽ അ​ഗർവാള‍്‍ എന്നിവർ നായികമാരാകുന്നു. പ്രശസ്ത ഡാൻസ് കൊറിയോ​ഗ്രാഫർ ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഹേയ് സിനാമിക. ദുൽഖറിന്റെ അടുത്ത റിലീസ് തമിഴ്, തെലു​ഗ്, ഹിന്ദി ,കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഒരേ സമയം റിലീസ് ചെയ്യുന്ന കുറുപ്പ് ആണ്.